ചെറുവത്തൂര്‍: ജില്ലയിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ ചെറുവത്തൂരിന് എന്നും അവഗണന മാത്രം.
ആദര്‍ശ് സ്റ്റേഷനായി ഉയര്‍ത്തിയ ചെറുവത്തൂരിന്റെ അവസ്ഥ ഏറെ ദുരിതമാണ്. കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന്റെ സ്റ്റോപ്പ് ഇനിയും പുനസ്ഥാപിച്ചിട്ടില്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പ്
വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് കണ്ണൂര്‍ വിട്ടാല്‍ പിന്നെ ചെറുവത്തൂരാണ് സ്റ്റോപ്. ചെറുവത്തൂര്‍ വിട്ടാല്‍ പിന്നെ മംഗളൂരുവിലാണ് യാത്ര അവസാനിപ്പിക്കുന്നത്. കാസര്‍കോടും കാഞ്ഞങ്ങാട്ടും നീലേശ്വരത്തും ഈ ട്രെയിനിന് സ്റ്റോപ് ഉണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് മൂന്നു സ്റ്റേഷനുകളിലും സ്‌റ്റോപ്പനുവദിച്ചത്. എന്നാല്‍ പഴയ പ്രതാപം നഷ്ടപ്പെട്ട് ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് പോലും സ്റ്റോപ്പില്ലാത്ത അവസ്ഥയാണ്. ചെന്നൈ സൂപ്പര്‍ഫാസ്റ്റ്, മംഗള, ഇന്റര്‍സിറ്റി പോലുള്ള എക്‌സ്പ്രസുകള്‍ക്ക് ഇവിടെ സ്റ്റോപ്പില്ല. ചെറുവത്തൂരിന് പുറമേ കയ്യൂര്‍-ചീമേനി, പിലിക്കോട്, വലിയപറമ്പ്, പടന്ന എന്നീ പഞ്ചായത്തുകളിലെയും കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂര്‍-പെരളം പഞ്ചായത്തില്‍ നിന്ന് വരെ ട്രെയിന്‍ യാത്ര ചെയ്യാന്‍ ആളുകള്‍ എത്തുന്ന സ്റ്റേഷനാണിത്. ഏറെ കാത്തിരിപ്പിന് ശേഷം പരശുറാം എക്‌സ്പ്രസിന് സ്റ്റോപ്പ് ലഭിച്ചിരുന്നു. യാത്രക്കാരുടെ തിരക്കുകള്‍ പരിഗണിച്ച് വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന്‍രെ സ്റ്റോപ്പ് പുനസ്ഥാപിക്കുകയും, മുരുഡേശ്വര്‍, പൂനെ, കെഎസ്ആര്‍ ബംഗളൂരു, ചെന്നൈ സൂപ്പര്‍ഫാസ്റ്റ്, മംഗള, ഇന്റര്‍സിറ്റി എക്‌സപ്രസുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുകയും വേണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.







