മനാമ: ഓര്‍മ്മശക്തി കൊണ്ടും കഴിവുകള്‍ കൊണ്ടും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി ബഹ്‌റൈനിലെ പ്രവാസിയായ ഈ മലയാളി ബാലന്‍. കാസര്‍കോട് കുമ്പള ബദ്രിയാനഗര്‍ സ്വദേശികളായ അന്‍വറിന്റെയും കുബ്‌റയുടെയും മകനായ മൂന്ന് വയസുകാരന്‍ സഈദ് സൈന്‍ ദഹ്ലാന്‍ അബ്ദുല്‍ അന്‍വര്‍ ആണ് ‘ഐ.ബി.ആര്‍ അച്ചീവര്‍’ പദവി സ്വന്തമാക്കി ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന് അഭിമാനമായത്.
ചെറിയപ്രായത്തില്‍ തന്നെ ആരേയും അത്ഭുതപ്പെടുത്തുന്ന ഓര്‍മശക്തിയാണ് സഈദ് പ്രകടിപ്പിക്കുന്നത്. 140 ജീവികളെ കൃത്യമായി തിരിച്ചറിഞ്ഞ് പേരുപറയുക, ഒന്നുമുതല്‍ 100 വരെയുള്ള സംഖ്യകള്‍ എണ്ണുക, ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങളും അവയുമായി ബന്ധപ്പെട്ട മൃഗങ്ങളുടെ പേരുകളും കാണാതെ പറയുക എന്നിവ സഈദ് നിമിഷനേരം കൊണ്ട് കൃത്യമായി പറയും. കൂടാതെ പച്ചക്കറികള്‍, വാഹനങ്ങള്‍, ഇംഗ്ലീഷ് അക്ഷരങ്ങളും വാക്കുകളും ഉള്‍പ്പെടുന്ന 16 പീസുകള്‍ വീതമുള്ള മൂന്ന് മെമ്മറി ടെസ്റ്റ് ഗെയിമുകളും ഈ കൊച്ചുമിടുക്കന്‍ വിജയകരമായി പൂര്‍ത്തിയാക്കി. 2026 സെപ്റ്റംബര്‍ 4-ന് രേഖപ്പെടുത്തിയ പ്രകടനത്തിനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചത്. ഈ നേട്ടത്തിലൂടെ പ്രവാസലോകത്തും നാടിനും വിദ്യാലയത്തിനും അഭിമാനമായി മാറിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കന്‍. ഈ കുഞ്ഞു പ്രതിഭയുടെ നേട്ടത്തില്‍ ബഹ്‌റൈനിലെ മലയാളി സമൂഹം അഭിനന്ദനങ്ങള്‍ അറിയിച്ചു.








