മലപ്പുറം: കൊണ്ടോട്ടി മുണ്ടക്കുളത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി മാതാവ് കിണറ്റില്‍ ചാടി. സംഭവത്തില്‍ കുഞ്ഞ് മരിച്ചു. മാതാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മുണ്ടക്കുളം മുള്ളന്‍മടക്കല്‍ ശ്രീനാഥിന്റെയും വിഞ്ജുഷയുടെയും മകന്‍ സയാന്‍സിദ് ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് മാതാവിനെയും കുഞ്ഞിനെയും കാണാതായത്. ശ്രീനാഥിന്റെ മാതാവ് ക്ഷേത്രത്തില്‍നിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഇരുവരും വീട്ടിലില്ലെന്ന വിവരമറിയുന്നത്. വിഞ്ജുഷയുടെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ തന്നെ വച്ച നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെയാണ് വീട്ടിന് സമീപത്തെ കിണറ്റില്‍ ഇരുവരെയും കണ്ടെത്തിയത്. മുണ്ടക്കുളം സ്‌കൂള്‍ ഗ്രൗണ്ടിന് സമീപമുള്ള കിണര്‍ മൂടിയിരുന്ന വലയുടെ ഒരുഭാഗത്ത് വിടവ് കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് യുവതിയെ കിണറ്റിനുള്ളില്‍ കണ്ടത്. കുഞ്ഞിനെ കൈയിലൊതുക്കി കിണറിന്റെ പടവില്‍ പിടിച്ച് പകുതിയിലേറെ വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു വിഞ്ജുഷ. ഉടന്‍ നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരുമെത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ കുഞ്ഞ് മരിച്ചിരുന്നു. ഇന്റീരിയര്‍ ഡിസൈനിങ് ജോലിക്കാരനായ ഭര്‍ത്താവ് കഴിഞ്ഞ ദിവസം കൊല്ലത്തേക്കു ജോലിക്കായി പോയതായിരുന്നു. മറ്റുള്ള കുടുംബാംഗങ്ങളെല്ലാം വീട്ടിലുണ്ടായ സമയത്താണ് യുവതി കുഞ്ഞുമായി വീട്ടില്‍ നിന്ന് ഇറങ്ങിയത്. ആത്മഹത്യ ശ്രമമാണ് യുവതി നടത്തിയതെന്നും അവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തുമെന്നും പൊലീസ് അറിയിച്ചു. ആശുപത്രിയിലുള്ള യുവതി സുഖം പ്രാപിച്ചുവരികയാണ്.








