കണ്ണൂര്‍: മലയോര മേഖലയില്‍ വീശിയടിച്ച ശക്തമായ കാറ്റില്‍ ഉളിക്കല്‍ വയത്തൂര്‍ യു.പി. സ്‌കൂള്‍ വളപ്പില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പ് മേല്‍ക്കൂര പറന്നുപോയി. സ്‌കൂളിലെ ഇന്റര്‍ലോക്ക് പാകിയ മുറ്റത്തിന് മുകളില്‍ സ്ഥാപിച്ചിരുന്ന വലിയ ഷീറ്റ് മേല്‍ക്കൂരയാണ് കാറ്റിന്റെ ശക്തിയില്‍ പൂര്‍ണമായി ഇളകിമാറി സമീപത്തെ പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് പതിച്ചത്. പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്കാണ് മേല്‍ക്കൂര തകര്‍ന്നുവീണത്. അപകടത്തില്‍ കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍, മേല്‍ക്കൂര തകര്‍ന്നുവീണ സമയത്ത് ആരും സമീപത്തില്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മേല്‍ക്കൂര തകര്‍ന്നുവീണതിന്റെ വലിയ ശബ്ദം കേട്ട് സ്‌കൂളിലെ അധ്യാപകരും സമീപവാസികളും സ്ഥലത്തേക്ക് ഓടിയെത്തി. തുടര്‍ന്ന് ഇവര്‍ അപകടസ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി.









