കളമശേരി കൂട്ടബലാല്‍സംഗം; ഇന്റര്‍വ്യൂവിന് വിളിച്ചിപ്പത് 15 യുവതികളെ, കൂടുതല്‍ പേര്‍ ഇരകളായെന്ന് സംശയം, മുഖ്യപ്രതിയുടെ ഫോണില്‍ നിര്‍ണായക തെളിവ്

കൊച്ചി: കളമശ്ശേരി കൂട്ടബലാത്സംഗക്കേസില്‍ കൂടുതല്‍ പേര്‍ ഇരകളായെന്ന് സംശയം. മുഖ്യസൂത്രധാരനായ ആലപ്പുഴ സ്വദേശി ശ്രീരാജ് സ്പാ ജോലി വാഗ്ദാനം ചെയ്ത് കൂടുതല്‍ യുവതികളെ അഭിമുഖത്തിനായി ക്ഷണിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. അതില്‍ എത്തിയ യുവതികള്‍ അതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യത്തില്‍ വിപുലമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക ചാറ്റ് വിവരങ്ങള്‍ ശ്രീരാജിന്റെ മൊബൈലില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. മോശം ഉദ്ദേശ്യത്തോടുകൂടിയാണ് ഇയാള്‍ യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയിരുന്നത്. വിശദവിവരം അറിയിയാന്‍ പട്ടികയിലുള്ള 15 യുവതികളെയും പൊലീസ് നേരിട്ട് സമീപിച്ച് കാര്യങ്ങള്‍ അന്വേഷിക്കും. പരാതിയുണ്ടെങ്കില്‍ ശ്രീരാജിനെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. സ്പായുടെ മറവില്‍ ആവശ്യക്കാര്‍ക്ക് യുവതികളെ കൈമാറുന്ന റാക്കറ്റാണ് സംഘത്തിന് പിന്നിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. പല സ്പാ ഇടപാടുകളുടെയും മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ശ്രീരാജ് നടത്തിയിരുന്നത്. കളമശേരി കേസിലെ പ്രതികളില്‍നിന്ന് പിടിച്ചെടുത്ത ഫോണുകള്‍ കേന്ദ്രീകരിച്ചും പരിശോധന തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് ശ്രീരാജ്, ജിത്ത് മാര്‍ട്ടിന്‍, ശരണ്യ, സഞ്ജു എന്നീ നാലുപേരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അതിജീവിതയുടെ ഭര്‍ത്താവ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. രാസലഹരി നല്‍കി മയക്കിയ ശേഷമാണ് അതിജീവിതയെ പീഡനത്തിന് ഇരയാക്കിയത്. ഈ രാസലഹരി വിതരണംചെയ്ത ശൃംഖലയെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. നിലവില്‍ അറസ്റ്റിലായ നാലുപേരില്‍മാത്രം ഈ കേസ് ഒതുങ്ങില്ലെന്നും കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page