കണ്ണൂര്‍: 32 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. കക്കാട് സ്വദേശി കെ. നിയാസുദ്ദീന്‍ എന്ന മസിൽ നിയാസി(43)നെയാണ് അറസ്റ്റു ചെയ്തത്. സിറ്റി പൊലീസ്കമ്മീഷണര്‍ ബി.വി.വിജയഭാരത് റെഡ്ഡിയുടെ ശുപാര്‍ശ പ്രകാരം ജില്ലാ കളക്ടര്‍ വിഷ്ണു രാജ് കാപ്പ ചുമത്തി അറസ്റ്റു ചെയ്യാൻ ഉത്തരവ് പുറപ്പെടുവിച്ചത്.എ സി പി എം പി ആസാദിന്റെ നേതൃത്വത്തിലാണ് നിയാസിനെ അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മോഷണം, പിടിച്ചുപറി എന്നിവയ്ക്ക് കേസുകൾ നിലവിലുള്ളതായി പൊലീസ് പറഞ്ഞു. അടുത്തിടെ പാറക്കണ്ടിയില്‍ വച്ച് ബൈക്ക് യാത്രക്കാരനായ ഒരാളെ തടഞ്ഞു നിര്‍ത്തി കഴുത്തില്‍ സ്‌ക്രൂ ഡ്രൈവര്‍ വച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും എം ടി എം കാര്‍ഡും കവര്‍ന്ന കേസില്‍ അറസ്റ്റിലായിരുന്നു. പ്രസ്തുത കേസില്‍ റിമാന്റ് കഴിഞ്ഞ് ഇറങ്ങിയ ഉടനെയാണ് കാപ്പ പ്രകാരം അറസ്റ്റു ചെയ്തത്.








