കുമ്പള: കഴിഞ്ഞവർഷത്തെ കുമ്പള പഞ്ചായത്ത് കലോത്സവ വിജയികൾക്ക് നൽകാൻ പഞ്ചായത്ത് വാങ്ങിയ ട്രോഫികളുടെ വില ഇനിയെങ്കിലും നൽകണമെന്ന് ആവശ്യപ്പെട്ട കടയുടെ ഉടമക്ക് കട അനധികൃതമായി നിർമ്മിച്ചതാണെന്നും അതുടനെ പൊളിച്ചു മാറ്റണമെന്നും പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് കൊടുത്തു. വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ച കട അനധികൃതമാണെങ്കിൽ അതിനു എങ്ങനെ ഡോർ നമ്പർ കൊടുത്തു എന്ന കടയുടമയുടെ ചോദ്യത്തിന് പഞ്ചായത്ത് ഓഫീസിൽ പോയി അന്വേഷിക്കാൻ പഞ്ചായത്ത് ഭരണമേധാവികൾ നിർദ്ദേശിച്ചു. പഞ്ചായത്തിന്റെ തരികിടയ്ക്ക് പണികൊടുക്കാൻ കടയുടമ ഹരിപ്രസാദ് ഷെട്ടി നീക്കം ആരംഭിച്ചു .ഏതാനും ദിവസം മുമ്പ് ഇക്കൊല്ലത്തെ പഞ്ചായത്ത് കലോത്സവം കെങ്കേമം ആക്കുന്നതിന് പഞ്ചായത്ത് വിളിച്ചുകൂട്ടിയ സംഘാടകസമിതി രൂപീകരണ യോഗത്തിലാണ് സൂരം ബയലിലെ ബ്രാൻഡ് സ്പോർട്സ് കടയുടമ കഴിഞ്ഞവർഷത്തെ കലോത്സവ വിജയികൾക്ക് നൽകാൻ തന്റെ കടയിൽ നിന്ന് വാങ്ങിയ ട്രോഫികളുടെ വിലയായ 75,000 രൂപ ഇനിയെങ്കിലും നൽകണമെന്ന് ആവശ്യപ്പെട്ടത്. ഇതു പഞ്ചായത്ത് പ്രസിഡണ്ടിനെയും മറ്റും പ്രകോപിപ്പിച്ചു. പഞ്ചായത്ത് പൈസ തരാൻ ഉണ്ടെങ്കിൽ അത് പഞ്ചായത്ത് ഓഫീസിൽ പോയി ചോദിക്കണമെന്ന് ക്ഷുഭിതനായി അദ്ദേഹം പറഞ്ഞു. ഇതുകേട്ട കടയുടമ ഹരിപ്രസാദ് ഷെട്ടി ഒരു വർഷമായി അതിരു വേണ്ടി താൻ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങി നടക്കുകയാണെന്നും എന്നിട്ടും പണം ലഭിക്കാത്തതുകൊണ്ടാണ് ഇവിടെ പറയുന്നതെന്നും ചൂണ്ടിക്കാട്ടി. അൽ = നേരത്തെ ക്ഷോഭപ്രകടനത്തിനു ശേഷം പ്രശ്നം താൽക്കാലികമായി കെട്ടടങ്ങി. അതിനുശേഷം ആണ് സെക്രട്ടറി, ഷെട്ടിക്കു നോട്ടീസ് നൽകിയത്. പഞ്ചായത്ത് രാജ് നിയമത്തിന് വിരുദ്ധമായി കെട്ടിച്ചേർത്ത ഭാഗം കടയോട് ചേർന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അതുടനെ പൊളിച്ചു മാറ്റണമെന്നും ഇല്ലെങ്കിൽ നിയമനടപടി എടുക്കുമെന്നും നോട്ടീസ് മുന്നറിയിപ്പ് നൽകുന്നു.







