കാസര്‍കോട്: ‘തൂഫാന്‍ ക്ലസ്റ്റര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ‘എന്ന പേരില്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം കാഞ്ഞങ്ങാട്, പടന്നക്കാട്ടെ അഞ്ചു വീടുകളില്‍ ഒരേ സമയം നടത്തിയ മിന്നല്‍ പരിശോധനയില്‍ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. പടന്നക്കാട്ടെ സജാദ് എന്നയാളെയാണ് പിടികൂടിയത്. ഇയാളില്‍ നിന്നു കണ്ടെടുത്ത മയക്കുമരുന്നിന്റെ അളവ് പരിശോധിച്ചുവരുന്നു.ജില്ലാ പൊലീസ് മേധാവി പി. നിധിന്‍രാജിന്റെ കീഴിലുള്ള നാര്‍ക്കോട്ടിക് സെല്‍ ഡാന്‍സാഫ് ടീമും ഹൊസ്ദുര്‍ഗ്, വിദ്യാനഗര്‍, ചീമേനി, നീലേശ്വരം, ബേക്കൽ എസ്‌ഐമാരും ഉൾപ്പെട്ട പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു പിടികൂടിയത്. ഇന്ന് (വ്യാഴം) പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് വനിതാ പൊലീസ് ഉള്‍പ്പെടെയുള്ള പൊലീസ് ടീം വീടുകളില്‍ പരിശോധന നടത്തിയത്. നാലു വീടുകളില്‍ നിന്നു ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. മയക്കുമരുന്ന്-ലഹരി വസ്തുക്കള്‍ക്കെതിരെയുള്ള നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ രീതിയിലുള്ള ഓപ്പറേഷന്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ആരംഭിച്ചത്.







