ആലക്കോട്: കാറിൽ അനധികൃതമായി കടത്തുകയായിരുന്ന രണ്ട് ലിറ്റർ ചാരായവും മൂന്നര ലിറ്റർ വിദേശ മദ്യവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കാസർകോട് ചിറ്റാരിക്കാൽ കടുമേനി പട്ടയങ്ങാനം സ്വദേശിയായ ജോസഫ് മാത്യു (45) ആണ് പിടിയിലായത്. ഇയാൾ മദ്യം കടത്താൻ ഉപയോഗിച്ച മാരുതി ആൾട്ടോ കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
ആലക്കോട് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ നസീബ് സി.എച്ചിന്റെ നേതൃത്വത്തിൽ ആലക്കോട് ടൗൺ ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. ആലക്കോട് പാലത്തിന് സമീപം വെച്ച് പ്രതി സഞ്ചരിച്ച കാർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ചു കടത്തുകയായിരുന്ന മദ്യം കണ്ടെടുത്തത്. പ്രതിക്കെതിരെ അബ്‌കാരി നിയമപ്രകാരം കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.
റെയ്ഡിൽ ഇൻസ്പെക്ടർക്ക് പുറമെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) പി.ആർ. സജീവ്, ടി.ആർ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പ്രദേശത്ത് പരിശോധന കർശനമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.







