കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിലെ പ്രതിയായ യൂട്യൂബര്‍ അശ്വന്ത് കോക്ക് ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസന്‍സ്. സംഭവ ദിവസം ലൈസന്‍സ് കയ്യില്‍ ഇല്ലെന്നാണ് അശ്വന്ത് പൊലീസിനെ അറിയിച്ചത്. പിന്നീട് സമര്‍പ്പിച്ച ലൈസന്‍സ് പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞത് മനസ്സിലാകുന്നത്. 2025 ഫെബ്രുവരി 16ന് ലൈസന്‍സ് കാലാവധി കഴിഞ്ഞിരുന്നു. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് കൂടി അശ്വന്ത് കോക്കിനെതിരെ കേസ് എടുക്കുമെന്നും 5 വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. കഴിഞ്ഞമാസം 28ന് രാത്രി കോഴിക്കോട് നടക്കാവ് വെച്ച് അശ്വന്തിന്റെ വാഹനം കാറിലും ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. കസ്റ്റഡിയിലെടുത്ത അശ്വന്ത് കോക്കിനെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ച് 3 വാഹനങ്ങളില്‍ ഇടിച്ചെന്നായിരുന്നു പരാതി.
ഇനി താന്‍ മദ്യപിച്ച് വാഹനമോടിക്കില്ലെന്നും ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുന്നതായും അശ്വന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നു. നിയമവിരുദ്ധമായി താന്‍ ജീവിതത്തില്‍ ചെയ്ത ഏക കാര്യം ഇതു മാത്രമാണ് എന്നും അശ്വന്ത് കൂട്ടിച്ചേര്‍ത്തു.








