കള്ളപ്പണം വെളുപ്പിക്കല്‍; സംസ്ഥാനത്തെ മൂന്നുജില്ലകളില്‍ ഇഡി റെയ്ഡ്, സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വീടുകളിലും പരിശോധന

കൊച്ചി: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മിന്നല്‍ പരിശോധന ആരംഭിച്ചു. തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് ഇ.ഡി ഉദ്യോഗസ്ഥ സംഘം റെയ്ഡ് നടത്തുന്നത്. അങ്കമാലി സഹകരണ ബാങ്കില്‍ വ്യാജ വായ്പകള്‍ വഴി 121 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഇ.ഡി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടി. മൂന്നു ജില്ലകളിലും രാവിലെയാണ് മിന്നല്‍ പരിശോധന ആരംഭിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത്. സഹകരണ ബാങ്കുകള്‍ക്ക് പുറമെ ഭരണസമിതി അംഗങ്ങള്‍, മുന്‍ ഭാരവാഹികള്‍, മുതിര്‍ന്ന ജീവനക്കാര്‍ എന്നിവരുടെ വസതികളിലും സ്ഥാപനങ്ങളിലും ഇ.ഡി സംഘം പരിശോധന നടത്തുന്നുണ്ട്. തൃശ്ശൂര്‍ ജില്ലയില്‍ അഞ്ചിടങ്ങളില്‍ പരിശോധന നടക്കുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കിന് പിന്നാലെ സിപിഎം നിയന്ത്രണത്തിലുള്ള കുട്ടനെല്ലൂര്‍ ബാങ്കിലും പ്രധാനമായും പരിശോധന നടക്കുന്നുണ്ട്. ലോണ്‍ അനുവദിച്ചതിലെ ക്രമക്കേടുകള്‍, വന്‍കിട നിക്ഷേപങ്ങളുടെ ഉറവിടം എന്നിവയാണ് ഇവിടെ പ്രധാനമായും അന്വേഷിക്കുന്നത്. കോഴിക്കോട് ജില്ലയിലും സഹകരണ മേഖലയിലെ തട്ടിപ്പുകളുമായി ബന്ധമുള്ള ചില പ്രമുഖരുടെ വസതികളില്‍ കേന്ദ്ര ഏജന്‍സി പരിശോധന നടത്തുന്നുണ്ട്.
എറണാകുളം ജില്ലയില്‍ അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുള്ള കേന്ദ്രങ്ങളിലാണ് ഇഡി സംഘം പ്രധാനമായും പരിശോധന നടത്തുന്നത്. ബാങ്കിന്റെ മുന്‍ ഭാരവാഹികളുടെയും നിലവിലെ ജീവനക്കാരുടെയും വീടുകള്‍ ഉള്‍പ്പെടെ നാല് സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട്. അക്കൗണ്ടന്റ് ഷിജുവിന്റെ വീട്ടിലും പരിശോധന പുരോഗമിക്കുകയാണ്. ഈ ബാങ്കില്‍ വ്യാജ രേഖകള്‍ ചമച്ചും ബിനാമി പേരുകളിലും 121 കോടിയിലധികം രൂപയുടെ വായ്പ തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പ് മുമ്പ് നടത്തിയ ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിരുന്നു. റെയ്ഡില്‍ ബാങ്കുകളിലെ കമ്പ്യൂട്ടര്‍ രേഖകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, വായ്പാ ഫയലുകള്‍, നിര്‍ണായകമായ മറ്റ് ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ ഇഡി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. പരിശോധനകള്‍ക്ക് ശേഷം ക്രമക്കേടുകളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യാനായി കൊച്ചിയിലെ ഇഡി ഓഫിസിലേക്ക് വിളിപ്പിക്കുമെന്നാണ് സൂചന. കരുവന്നൂര്‍ ഉള്‍പ്പെടെയുള്ള ബാങ്കുകളിലെ തട്ടിപ്പുകള്‍ മുമ്പ് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ ബാങ്കുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാത്ത സാഹചര്യങ്ങള്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാലാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം കര്‍ശനമാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page