കാസര്‍കോട്: ഒരു നാടിന്റെയും കുടുംബത്തിന്റെയും പ്രാര്‍ത്ഥനകള്‍ വിഫലമായി. ന്യൂമോണിയ ബാധിച്ച് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരി മരിച്ചു. മഞ്ചേശ്വരം, ദേരംപള്ളത്തെ ലോകേഷിന്റെ മകള്‍ എം.വീക്ഷ (5)യാണ് മരിച്ചത്. മഞ്ചേശ്വരം എസ്‌ഐടി സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയായിരുന്നു. കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്നാണ് വീക്ഷയെ ഡോക്ടറെ കാണിച്ചത്. പരിശോധനയില്‍ ന്യൂമോണിയയാണെന്ന് സ്ഥിരീകരിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി പെണ്‍കുട്ടിയെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നാഴ്ചത്തെ ചികിത്സക്കായി ലക്ഷക്കണക്കിന് രൂപയാണ് ചെലവായത്. കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിനു നാട്ടുകാരും മുന്നിട്ടിറങ്ങിയിരുന്നു. എന്നിട്ടും ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ പോയതിന്റെ സങ്കടത്തിലാണ് നാടും കുടുംബവും. മാതാവ്: പുഷ്പലത. സഹോദരി: പ്രതീക്ഷ.







