കാസര്‍കോട്: വൈദ്യുതി പുനഃസ്ഥാപിക്കാന്‍ വൈകിയെന്ന് ആരോപിച്ച് കെഎസ്ഇബി ജീവനക്കാരെ കയ്യേറ്റം ചെയ്തതായി പരാതി. കെഎസ്ഇബി മാവുങ്കാല്‍ സെക്ഷനിലെ ലൈന്‍മാന്‍ പേരോല്‍, അങ്കക്കളരിയിലെ കെ.രാജീവന്‍ (42) നല്‍കിയ പരാതിയില്‍ അജാനൂര്‍, പള്ളോട്ടെ കുട്ടന്‍ എന്ന ആള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. പള്ളോട്ടെ 1264 കണ്‍സ്യൂമര്‍ നമ്പറിലുള്ള വൈദ്യുതി തകരാര്‍ പരിഹരിക്കാനാണ് ലൈന്‍മാനായ രാജീവനും വര്‍ക്കറായ സുരേഷും ബൈക്കില്‍ എത്തിയത്. തകരാര്‍ പരിഹരിച്ചു കഴിഞ്ഞുടനെ കുട്ടന്‍, പരാതിക്കാരനെയും സഹപ്രവര്‍ത്തകനെയും അസഭ്യം പറഞ്ഞ ശേഷം ആക്രമിക്കുകയും ബൈക്ക് തള്ളിയിട്ട് 2000 രൂപയുടെ നഷ്ടം ഉണ്ടാക്കുകയും ചെയ്‌തെന്നു ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് കുട്ടനെതിരെ കേസെടുത്തത്.







