തളിപ്പറമ്പ്: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കയറി ഒരുപവന്റെ മാല കവര്‍ന്ന കേസിലെ പ്രതി പിടിയിയില്‍. വയനാട് മീനങ്ങാടിയില്‍ താമസിക്കുന്ന നീലഗിരി വള്ളാമലയില്‍ ഒവാലി സുഭാഷ് നഗറില്‍ ഷിബിന്‍ (21) ആണ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജൂലായ് 14-ന് രാത്രി പൂമംഗലം പറവളം കോളിയാടന്‍ വീട്ടില്‍ കല്യാണിയുടെ (80) വീട്ടിലാണ് സംഭവം. കഴിഞ്ഞ തൃച്ചംബരം ഉത്സവത്തിന് കുലുക്കിസര്‍ബത്ത് കച്ചവടത്തിന് എത്തിയതായിരുന്നു ഷിബിനും സംഘവും. ഇയാള്‍ അന്ന് വാടകയ്ക്ക് താമസിച്ചത് കല്യാണിയുടെ വീടിന് സമീപത്തെ ഒരു വാടകവീട്ടിലായിരുന്നു. ആ സമയത്താണ് ഒറ്റയ്ക്ക് താമസിക്കുന്ന കല്യാണിയെ കാണുന്നത്. അന്നുതന്നെ യുവാവ് വയോധികയെ നോട്ടമിട്ടിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞ് മാല കവരാനായി ഇയാള്‍ തിരിച്ചുവരുകയായിരുന്നു. രാത്രി എട്ടുമണിയോടെ വീട്ടില്‍ കുട്ടിവെള്ളം ചോദിച്ചെത്തിയ ഷിബിന്‍ വെള്ളം കുടിച്ച് വിശ്രമിച്ചശേഷം വയറുവേദന അഭിനയിച്ച് അവിടെ കിടന്നു. ഈ സമയത്ത് സഹായിക്കാനെത്തിയ കല്യാണിയുടെ മാല ബലംപ്രയോഗിച്ച് പൊട്ടിക്കുകയായിരുന്നു.
ഹെല്‍മറ്റും മാസ്‌കും ധരിച്ചാണ് ഷിബില്‍ വയോധികയുടെ വീട്ടില്‍ എത്തിയത്. സി.സി.ടി.വി. അടക്കമുള്ളവ പരാശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. രണ്ടരമാസത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്. പ്രതിക്ക് ഒപ്പമുള്ളയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. എസ്.ഐ. സി.ജി. സാംസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.








