തിരക്കഥാകൃത്തും ഇന്‍ഫ്‌ളൂവന്‍സറുമായ ലേഖ അംബുജാക്ഷന്‍ അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. ലേഖയുടെ മരണവിവരം ഭര്‍ത്താവ് അംബുജാക്ഷനാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ലേഖ, തന്റെ കാന്‍സര്‍ അതിജീവന യാത്രയും കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങളും നിരന്തരം പങ്കുവച്ചിരുന്നു. 2019 ല്‍ പുറത്തിറങ്ങിയ ‘മുട്ടായിക്കള്ളനും മമ്മാലിയും’ എന്ന ചിത്രത്തിന്റെ നിര്‍മാണം, തിരക്കഥ, സംഭാഷണം എന്നിവയ്‌ക്കൊപ്പം ഗാനരചനയും സംഗീതവും നിര്‍വഹിച്ചിട്ടുമുണ്ട്. രോഗബാധിതയായിരുന്നപ്പോഴും ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിട്ട ലേഖയുടെ വിയോഗം കടുത്ത നോവായി മാറുകയാണെന്ന് സീമ ജി നായര്‍ പറയുന്നു.
ലേഖയും ഭര്‍ത്താവ് അംബുജാക്ഷനും തമ്മിലുള്ള ആഴത്തിലുള്ള സ്‌നേഹത്തെക്കുറിച്ചും കുടുംബം നടത്തിയ പോരാട്ടത്തെക്കുറിച്ചും ഓര്‍ത്താണ് സീമയുടെ കുറിപ്പ്. ലേഖയുടെ വിയോഗം കുടുംബത്തിന് താങ്ങാനുള്ള ശക്തി ലഭിക്കട്ടെയെന്നും സീമ പ്രാര്‍ഥിച്ചു.
ലേഖയുടെ പോരാട്ടം ഏറെ വലുതായിരുന്നുവെന്നും ജീവിതത്തില്‍ നല്ലൊരു പങ്കാളിയെ ലഭിച്ചത് ഇരുവരുടെയും ഭാഗ്യമാണെന്നും സീമ കുറിച്ചു. ലേഖയും കുടുംബവും സാധ്യമായതിന്റെ പരമാവധി പോരാടിയെന്നും ഭര്‍ത്താവിനെയും മക്കളെയും വിട്ടുപോകാന്‍ ലേഖയ്ക്ക് ഏറെ വേദനയായിരിക്കുമെന്നും സീമ പറഞ്ഞു. അംബുജാക്ഷനും മക്കളും ഈ വിയോഗത്തില്‍ നിന്ന് കരകയറാന്‍ എത്രകാലം വേണ്ടിവരുമെന്ന് അറിയില്ലെന്നും അതിനുള്ള ശക്തി ദൈവം നല്‍കട്ടെയെന്നും അവര്‍ കുറിപ്പില്‍ പറഞ്ഞു.








