പന്തളം: സ്ത്രീയോട് മോശമായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത സന്ന്യാസി പിടിയിലായി. മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ ഗുരുനാഥ് (അദമ്പൂർ ഗുരുനാഥ് സോപാൻ – 37) എന്നയാളെയാണ് പന്തളം പൊലീസ് കസ്റ്റഡിയിലെടുത്തത്. കന്യാകുമാരി മുതൽ കശ്മീർ വരെ കാളവണ്ടിയിൽ ഭാരത യാത്ര നടത്തുന്ന 15അംഗ സംഘത്തിലെ സന്ന്യാസിയാണ് ഇയാൾ. യാത്രയുടെ ഭാഗമായി കടകളിൽ കയറി സംഘം ലഘുലേഖകൾ വിതരണം ചെയ്തിരുന്നു. ഇതിനിടെ പന്തളത്ത് ഒരു കടയിൽ കയറി ഇയാൾ സ്ത്രീയോട് മോശമായി പെരുമാറുകയായിരുന്നു. പിന്നാലെ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു. സ്ത്രീ സംഭവം ഉടൻ തന്നെ ഭർത്താവടക്കമുള്ളവരെ വിളിച്ചറിയിക്കുകയും സന്യാസിയെ തടഞ്ഞുവെക്കുകയും ചെയ്തു.
ഉടൻ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. മൂന്ന് കാളവണ്ടികളിലാണ് സംഘം യാത്ര നടത്തുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഇയാൾക്ക് മാനസിക വെല്ലുവിളികൾ ഉണ്ടെന്നാണ് ഒപ്പമുള്ള സന്യാസി സംഘം പറയുന്നത്.








