തിരുവനന്തപുരം: മന്ത്രവാദത്തിന്റെ മറവില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റുചെയ്ത പ്രതിയെ റിമാന്റുചെയ്തു. വിതുര ചായം ബിസ്മി മന്‍സിലില്‍ എം.സജീറി(54)നെയാണ് നെയ്യാര്‍ഡാം പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വര്‍ഷം ജുലൈ 25 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവതി ആദ്യം പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് പിന്നീട് റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. യുവതിയുടെ ഭര്‍തൃപിതാവിന്റെ ബിസിനസ് പങ്കാളി അപഹരിച്ച കോടിക്കണക്കിന് രൂപ തിരിച്ചുകിട്ടുന്നതിനായി നടത്തിയ പൂജയ്ക്കിടയിലാണ് ഇയാള്‍ പീഡനശ്രമം നടത്തിയത്. ഭര്‍തൃവീട്ടില്‍ വെച്ച് നടത്തിയ പൂജയുടെ ഭാഗമായി, ഇരുട്ടുമുറിയില്‍ യുവതിയെ ഒറ്റയ്ക്കിരുത്തി. മന്ത്രങ്ങള്‍ ചൊല്ലിയ ശേഷം സജീര്‍ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ഭയന്നോടിയ യുവതി ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ മാതാപിതാക്കളെയും വിവരമറിയിച്ചെങ്കിലും അവര്‍ അത് കാര്യമാക്കിയില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സജീര്‍ വീട്ടിലെത്തി പ്രത്യേക പൂജയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും യുവതി പോകാന്‍ തയ്യാറായില്ല. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാനും ഭര്‍തൃകുടുംബം അനുവദിച്ചില്ലെന്നും പരാതിയിലുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഏപ്രില്‍ 10 ന് നല്‍കിയ പരാതിയില്‍ സജീറിനെ ഒഴിവാക്കി ഭര്‍തൃവീട്ടുകാര്‍ക്കെതിരെ മാത്രമാണ് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് കഴിഞ്ഞ മാസം 4ന് റൂറല്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു. ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം
എസ്‌ഐ ബിനുവിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.








