ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’ മുന്നണി പാര്‍ലമെന്റ് സ്ട്രീറ്റില്‍ നിന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനമായ നിര്‍വാചന്‍ സദനിലേക്ക് നടത്തിയ മാര്‍ച്ചില്‍ നാടകീയ രംഗങ്ങളും സംഘര്‍ഷവും. നേതാക്കളെ പൊലീസ് വഴിയില്‍ തടഞ്ഞതോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയും പൊലീസ് ബാരിക്കേഡിന് മുകളില്‍ കയറി നിന്ന് പ്രതിഷേധിച്ചു. ത്രിവര്‍ണപ്പതാക ഉയര്‍ത്തിപ്പിടിച്ചാണ് രാഹുല്‍ ബാരിക്കേഡിന് മുകളില്‍ കയറിനിന്നത്.
ബാരിക്കേഡ് വെച്ച് തടഞ്ഞതോടെ അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ള ഇന്ത്യ സഖ്യ നേതാക്കള്‍റോഡില്‍കുത്തിയിരുന്ന് പ്രതിഷേധം തുടര്‍ന്നു. ജോണ്‍ ബ്രിട്ടാസ് എം.പി., കെ.സി. വേണുഗോപാല്‍, എ.എ. റഹീം ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തില്‍ കയറ്റിയെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതോടെ വാഹനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല.
കസ്റ്റഡിയിലെടുത്ത പൊലീസ് ബസില്‍ നിന്നും പുറത്തിറങ്ങി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രാഹുല്‍ ഗാന്ധിക്കൊപ്പം ആകാശവാണി ഭവനിലേക്ക് ഇരച്ചുകയറിയതോടെ തലസ്ഥാന നഗരി മണിക്കൂറുകളോളം അത്യപൂര്‍വ്വമായ രാഷ്ട്രീയ പ്രതിരോധത്തിന് സാക്ഷ്യം വഹിച്ചു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെത്തി പലതവണ അനുനയശ്രമങ്ങള്‍ നടത്തിയെങ്കിലും ആവശ്യം നിറവേറുംവരെ പിറകോട്ടില്ലെന്നാണ്രാഹുലിന്റെ നിലപാട്. അതേസമയം, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ ഡെറക് ഒബ്രിയന്‍, അഭിഷേക് ബാനര്‍ജി തുടങ്ങിയ പ്രമുഖ നേതാക്കളെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ബസിലേക്ക് മാറ്റി. ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സച്ചിന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സന്നാഹമാണ് ആകാശവാണി ഭവനിലെത്തി പ്രതിഷേധക്കാരെ നീക്കാന്‍ ശ്രമം നടത്തിയത്. സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ള ഇടത് നേതാക്കളും മാര്‍ച്ചില്‍ അണിനിരന്നു. രാജ്യ വ്യാപക പ്രതിഷേധത്തിന് തുടക്കമിടാനാണ് കോണ്‍ഗ്രസ് തീരുമാനം. ശനിയാഴ്ച മുതല്‍ വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ആരംഭിക്കും. നവംബര്‍ 1 ന് ഡല്‍ഹി രാം ലീലാ മൈതാനത്ത് മഹാറാലി സംഘടിപ്പിക്കും.








