കാസര്‍കോട്: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റതിന് കാസര്‍കോട്ടെ കുടുംബത്തിന് 30,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ ഉത്തരവ്. ചെറുവത്തൂരിലെ വാസുദേവ കോണൂരായ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 15,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ ചികിത്സച്ചെലവായും 5,000 രൂപ കോടതിച്ചെലവായും നല്‍കാന്‍ കാസര്‍കോട് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനാണ് ഉത്തരവിട്ടത്. 2024 ഓഗസ്റ്റ് 26-നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. അന്ന് വാസുദേവയും കുടുംബവും പദ്മനാഭസ്വാമിക്ഷേത്ര ദര്‍ശനത്തിനും ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും തിരുവനന്തപുരത്തെ ‘രൂപ്മഹല്‍’ ഹോട്ടലില്‍ മുറിയെടുത്തിരുന്നു. 3500 രൂപയുടെ ശീതീകരിച്ച ഡബിള്‍ മുറിയാണെടുത്തത്. എന്നാല്‍ മൂട്ടശല്യം കാരണം കുടുംബത്തിന് രാത്രിയൊട്ടും ഉറങ്ങാനായില്ല. കുഞ്ഞുങ്ങള്‍ക്കടക്കം മൂട്ടയുടെ കടിയേറ്റ് ശരീരത്തില്‍ പല ഭാഗത്തും ചുവന്നുതുടുത്തു. കൂടാതെ ചൊറിച്ചിലും അനുഭവപ്പെട്ടു. ഇക്കാര്യം ഹോട്ടല്‍ അധികൃതരെ അറിയിച്ചിരുന്നു. അടുത്ത ദിവസം കുടുംബം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. അടുത്ത ദിവസം നാട്ടിലെത്തിയശേഷം വക്കീല്‍ മുഖേന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന് പരാതി നല്‍കി.
കേസ് തിരുവനന്തപുരത്തെ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്റെ പരിധിയിലേക്ക് മാറ്റണമെന്ന് ഹോട്ടല്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും കമ്മിഷന്‍ അത് അംഗീകരിച്ചില്ല. ഹോട്ടലിനെതിരേ ഇതുവരെ ഇത്തരത്തിലുള്ള പരാതിയുണ്ടായിട്ടില്ലെന്ന വാദമാണ് ഹോട്ടല്‍ അധികൃതര്‍ ഉയര്‍ത്തിയത്. ആശുപത്രി പരിശോധനാരേഖകളും ലാബ് റിപ്പോര്‍ട്ടുകളുമെല്ലാം വാസുദേവ ഹാജരാക്കിയിരുന്നു. ഒരുമാസത്തിനുള്ളില്‍ തുക നല്‍കണമെന്നാണ് വിധി.








