തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സുഹൃത്തിന് യുവാവ് വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. പൂഴിക്കുന്ന് സ്വദേശി രാജനാ(45)ണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി വെങ്ങാനൂര്‍ സ്വദേശി അനൂപ് കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന രാജന്‍റെ മൃതദേഹം തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് അയല്‍വാസികള്‍ കണ്ടെത്തിയത്. ദേഹമാസകലം 35 ഓളം വെട്ടുകളേറ്റിട്ടുണ്ട്. കഴുത്തിൽ മാരകമായ മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയുമായി പിണങ്ങിയാണ് രാജൻ താമസിക്കുന്നത്. ഇവിടെ പതിവായി എത്താറുള്ള അനൂപുമായി ചേർന്ന് കഴിഞ്ഞ ദിവസം രാത്രിയിലും രാജൻ മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടയിലുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. കൃത്യം നടത്തിയശേഷം അനൂപ് രാജന്റെ ബൈക്കുമായി സ്ഥലം വിടുകയായിരുന്നു. വഴിയിൽ വെച്ച് വാഹന പരിശോധന നടത്താവെ അനൂപിനെ പൊലീസ് പിടികൂടിയിരുന്നു. വസ്ത്രത്തിൽ രക്തക്കറ കണ്ടു ചോദ്യം ചെയ്തപ്പോഴായിരുന്നു കൊലപാതക വിവരം പുറത്തറിയുന്നത്. വാഹനത്തിൽ നിന്ന് കൊല്ലാൻ ഉപയോഗിച്ച കത്തിയും കണ്ടെത്തി. തുടർന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.മദ്യപിച്ച ശേഷം രാജൻ, സ്ഥിരമായി അനൂപ് കൃഷ്ണനെ മര്‍ദ്ദിക്കാറുണ്ടായിരുന്നു. ഇതിന്‍റെ പകയാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.








