നാരായണന്‍ പേരിയ
തായാട്ടു കാട്ടുന്ന ശിശുക്കളെ താന്‍
താഡിച്ചു ശിക്ഷിച്ചു വളര്‍ത്തവേണം
അയല്‍പക്കത്തെ വീടുകളില്‍ ഒളിച്ചു കടന്ന് പാലും വെണ്ണയും മറ്റും കട്ടു തിന്ന ഉണ്ണികൃഷ്ണനെക്കുറിച്ച് പരാതിയുമായി വന്നവര്‍ കൃഷ്ണന്റെ അമ്മയോട് പറഞ്ഞത്. വേണ്ടാതീനം കാട്ടുന്ന മക്കള്‍ക്ക് നല്ല അടികൊടുക്കണം. തെറ്റു ചെയ്താല്‍ ശിക്ഷിക്കണം.
ഇത് പണ്ട് -പൗരാണികകാലത്ത് ഇപ്പോള്‍ ഇങ്ങനെ പറഞ്ഞാല്‍ ശിക്ഷിക്കും- പറഞ്ഞവരെ. കുട്ടികളെ അടിക്കുകയോ? അടിക്കണമെന്നില്ല, ഇപ്പോള്‍ ചെയ്തത് ആവര്‍ത്തിച്ചാല്‍ തല്ല് കൊള്ളും എന്ന് പറഞ്ഞാല്‍ മതി, കുഞ്ഞിനെ ഭീഷണിപ്പെടുത്തി, ഭയപ്പെടുത്തി എന്ന് ആരോപിച്ച് കേസെടുക്കും. അതിനുള്ള വകുപ്പുണ്ടാകും ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍, വക്കീല്‍ വാദിക്കും.
കുട്ടികള്‍ വേണ്ടാതീനം കാട്ടുന്നത് തെറ്റല്ല; അനുവദനീയം എന്നാണോ പറയുന്നത്? അല്ല കുട്ടികള്‍ തെറ്റ് ചെയ്തു. ഭാവിയില്‍ തെറ്റ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളാണ്. അതെങ്ങനെ എന്ന് രക്ഷാകര്‍ത്താക്കളെ ബോധവല്‍ക്കരിക്കണം. ബോധവല്‍ക്കരിക്കണം അതൊരു യജ്ഞമാണ്- ബോധവല്‍ക്കരണ യജ്ഞം. പ്രത്യേക പരിശീലനം നേടിയ വിദഗ്ദ്ധന്മാര്‍ ഇപ്പോള്‍ എല്ലാ രംഗത്തുമുണ്ടല്ലോ. അവര്‍ പറയുന്നത് ശ്രദ്ധിക്കാം.
അത്യാധുനിക യുഗത്തില്‍ കുട്ടികള്‍- അതായത്, പതിനെട്ട് വയസ്സില്‍ താഴെ പ്രായമുള്ളവര്‍- ചെയ്യുന്ന ഗുരുതരമായ അപരാധം ഡിജിറ്റല്‍ ദുരുപയോഗമാണ്. സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം. (തെറ്റായ വഴിക്കുള്ള ഉപയോഗം). സാമൂഹികമാധ്യമങ്ങള്‍ ബന്ധുവാണ്. ശത്രുവുമാണ്. ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഉറ്റ സുഹൃത്ത്. ശരിയായ മാര്‍ഗ്ഗ ദര്‍ശി. എന്നാല്‍, ഉപയോഗിക്കുന്ന രീതി തെറ്റിപ്പോയാല്‍, അങ്ങേയറ്റം ആപല്‍ക്കരം. സ്വര്‍ഗ്ഗത്തിലേയ്ക്കും നരകത്തിലേയ്ക്കും നയിക്കുന്ന ഒരേ ഉപകരണം.
സാമൂഹിക മാധ്യമങ്ങളും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളും ഉപയോഗിക്കുന്ന കുട്ടികളെ അത് മൂലമുണ്ടാകുന്ന- ഉണ്ടാകാനിടയുള്ള- നാനാതരം ആപത്തുകളില്‍ നിന്നും രക്ഷിക്കാന്‍ ഫലപ്രദമായ നടപടികളുണ്ടാകണം എന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള പൊതു താല്‍പ്പര്യ ഹര്‍ജി- ജസ്റ്റ് റൈറ്റ്സ് ഫോര്‍ ചില്‍ഡ്രന്‍ അലയന്‍സ് ഫയല്‍ ചെയ്തത് -ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യ സൂര്യകാന്ത് അധ്യക്ഷനായുള്ള മൂന്നംഗ ബെഞ്ച് പരിഗണനയ്ക്കെടുത്തു.
സുപ്രീംകോടതി ജഡ്ജിമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. കോടതി കേന്ദ്ര ഗവണ്‍മെന്റിന് നോട്ടീസയച്ചു. അഡ്വ. തുഷാര്‍മേത്ത കേന്ദ്ര ഗവണ്‍മെന്റിന് വേണ്ടി ഹാജരായി.
സ്വമേധയാ ഡിജിറ്റല്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് കുട്ടികളെ തടയുന്ന ചട്ടങ്ങളുണ്ടാക്കണം. അതായത്, കുട്ടികള്‍ ഉപയോഗിക്കുന്നത് വിലക്കണം. ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. 2025- ലെ ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ചട്ടത്തില്‍ ഇതിനുള്ള വ്യവസ്ഥയുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത പറഞ്ഞു. എന്നാല്‍ ഈ വ്യവസ്ഥ 2027ല്‍ മാത്രമേ പ്രാബല്യത്തില്‍ വരൂ എന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് അക്കൗണ്ട് തുറക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം വേണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് പരിഗണിക്കുന്ന ചട്ടക്കൂട് നിര്‍മ്മിക്കാം എന്ന് മേത്ത പറഞ്ഞു. വിദേശ കമ്പനികള്‍ ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം എന്ന് ചീഫ് ജസ്റ്റീസ് ആവശ്യപ്പെട്ടു. അങ്ങനെത്തന്നെ എന്ന് മേത്ത പറഞ്ഞുവോ?
കുട്ടികള്‍ ഡിജിറ്റല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ല എന്ന് വിലക്കണം. പക്ഷേ, ആര് വിലക്കും? സോഷ്യല്‍ മീഡിയ നല്ലൊരു മാര്‍ഗ്ഗ ദര്‍ശിയാണ് കുട്ടികള്‍ക്ക് എന്ന് പറയുന്നവരുണ്ട. ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ മാര്‍ഗ്ഗദര്‍ശി. അല്ലെങ്കില്‍ അത് ആപത്തില്‍ ചാടിക്കും. അപ്പോള്‍ ചെയ്യേണ്ടത് ഇതാണ്. ശരിയായ ഉപയോഗത്തിനുതകുന്ന തരത്തിലുള്ള ചട്ടങ്ങള്‍ ഉണ്ടാക്കണം. ആര് ഉണ്ടാക്കും? സര്‍ക്കാരും നയം രൂപീകരിക്കുന്നവരും. ദുരുപയോഗസാധ്യത സര്‍ക്കാര്‍ നിയന്ത്രിക്കണം.
ഡിജിറ്റല്‍ പ്ലാറ്റ് ഫോം എന്നത് ഒരു സങ്കേതിക വിദ്യയാണല്ലോ. അതിന്റെ നിര്‍മ്മാതാക്കളും കൈകാര്യകര്‍ത്താക്കളുമായ കമ്പനികള്‍ ഫലപ്രദമായ നിയന്ത്രണോപാധി കൂടി അതിനോട് കൂട്ടിയിണക്കണം.
മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്; കുട്ടികള്‍ സദാസമയം ഡിജിറ്റല്‍ മാധ്യമങ്ങളുമായി കളിക്കുന്നത് നിയന്ത്രിക്കണം. ഡിജിറ്റല്‍ ഉപകരണത്തില്‍ത്തന്നെ നിയന്ത്രണ വിദ്യകൂടി ഘടിപ്പിക്കണം. നിശ്ചിത സമയം കഴിയുമ്പോള്‍ ഡിജിറ്റല്‍ മാധ്യമത്തിന്റെ പ്രവര്‍ത്തനം സ്വയം നിശ്ചലമാകണം. ഈ ഉപാധി കൂട്ടിഘടിപ്പിച്ചിട്ടില്ലാത്ത ഡിജിറ്റല്‍ പ്ലാറ്റുഫോം പാടില്ല എന്ന് നിയമം അനുശാസിക്കണം.
ചട്ടം മാറ്റണം എന്ന് ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ പറയും, നിര്‍ദ്ദേശിക്കാം എന്ന്. കോടതി മുമ്പാകെ ഉറപ്പു നല്‍കും.
മാറ്റുവിന്‍ ചട്ടങ്ങളെ സ്വയം, അല്ലെങ്കില്‍ മാറ്റുമതുകളീനിങ്ങളെത്താന്‍. ചട്ടംമാറ്റുക, മറ്റൊരു ചട്ടം മുന്നില്‍ വെച്ചുകൊണ്ട്. അതും പോരാതെ വരുമ്പോള്‍ മറ്റൊരുചട്ടം. ചട്ടം ചട്ടം ചട്ടം. ചട്ടങ്ങളുടെ ഒരു പരമ്പര.








