നീലേശ്വരം: ദിവസങ്ങൾക്കു മുമ്പ് രാത്രി വീട്ടിൽനിന്ന് ഇറങ്ങി കാണാതായ യുവാവിനെ കാട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ മൂന്ന് റോഡിൽ എരിപ്പിൽ കുഞ്ഞമ്പുവിന്റെ മകൻ വൈശാഖ് (22) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് വൈശാഖിനെ കാണാതായത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നീലേശ്വരം പൊലീസ് നടത്തിയ അന്വേഷണത്തിൽ ചായ്യോത്ത് നാരത്തുംകൊല്ലി വെള്ളച്ചാട്ടത്തിന് സമീപം വൈശാഖിന്റെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തിയിരുന്നു. തുടർന്ന് കേടുപാടുകൾ സംഭവിച്ച നിലയിൽ മൊബൈൽ ഫോൺ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാണാതാകുന്നതിന് അരമണിക്കൂർ മുമ്പ് വൈശാഖ് സുഹൃത്തിനെ ഫോണിൽ വിളിച്ചിരുന്നു. ഗൾഫിലേക്ക് പോകുന്നതിനായി വൈശാഖ് പാസ്‌പോർട്ട് എടുത്തിരുന്നതായും ബന്ധുക്കൾ പറഞ്ഞു. നാട്ടുകാരും പൊലീസും അന്വേഷണം നടക്കുന്നതിനിടയാണ് ഞായറാഴ്ച ഉച്ചയോടെ നാരത്തുംകൊല്ലി കാട്ടിനുള്ളിൽ വൈശാഖിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. മീനാക്ഷിയാണ് മാതാവ്. വിശാഖ് സഹോദരൻ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസിക സമ്മർദ്ദമുണ്ടാകുമ്പോൾ സഹായത്തിനായി ഹെൽപ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടുക: ദിശ (DISHA) – 1056, മൈത്രി – 0484 2540530).







