കോട്ടയം: ഇടിമിന്നലേറ്റ് ആന ചരിഞ്ഞു. തൃശൂര്‍ പൂരത്തിലടക്കം സജീവ സാന്നിധ്യമായിരുന്ന പല്ലാട്ട് ബ്രഹ്മദത്തന്‍ എന്ന ആനയാണ് ചരിഞ്ഞത്. കുളിക്കുന്നതിനിടെ ഞായറാഴ്ച വൈകിട്ടോടെയാണ് ഇടിമിന്നലേറ്റത്. ഈരാറ്റുപേട്ട സ്വദേശി രാജേഷ് പല്ലാട്ടിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ്. വീട്ടുപരിസരത്ത് തന്നെയാണ് തളച്ചിരുന്നത്. മൃഗഡോക്ടറെത്തി മരണം സ്ഥീരികരിക്കുകയായിരുന്നു.
തൃശൂര്‍ പൂരത്തിന് പുറമെ വിവിധ ഉത്സവങ്ങളിലും പതിവായി പങ്കെടുക്കാറുണ്ടായിരുന്നു.
അരുണാചൽ വനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ആനയെ എത്തിച്ചത്. ബ്രഹ്‌മദത്തന് ഏകദേശം 45 വയസാണ് പ്രായം. ആന ചരിഞ്ഞതറിഞ്ഞ് വനം വകുപ്പ് അധികൃതരും വെറ്ററിനറി ഡോക്ടർമാരും സ്ഥലത്തെത്തി. തിങ്കളാഴ്ച പോസ്റ്റ്മോർട്ടം നടക്കും. കൊമ്പും നഖങ്ങളും വനം വകുപ്പ് ശേഖരിക്കും. ഇതിന് ശേഷമാകും സംസ്കാരം.








