പത്തനംതിട്ട: പന്തളത്ത് ഭാര്യയോട് മോശമായി സംസാരിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവും സംഘവും പിടിയില്‍. ഇലവുംതിട്ട രാമഞ്ചിറ സ്വദേശി ദീപക് ജോയ് (25), പ്രക്കാനം സ്വദേശികളായ സജു (24), ജോമോന്‍ മാത്യു (30), അഭിജിത് (21) എന്നിവരെയാണ് പന്തളം പൊലീസ് സാഹസികമായി പിടികൂടിയത്. തുമ്പമണ്‍ സ്വദേശി അജയനെയാണ് (49) നാലംഗ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. കഴിഞ്ഞമാസം 26 നാണ് സംഭവം നടന്നത്. പ്രതിയായ ദീപകിന്റെ ഭാര്യയോട് അജയന്‍ മോശമായി സംസാരിച്ചെന്നാരോപിച്ചായിരുന്നു അക്രമം. തട്ടിക്കൊണ്ടുപോയ സംഘം യുവാവിന്റെ ശരീരത്തില്‍ വെള്ളം നിറച്ച സിറിഞ്ചുകള്‍ കുത്തിയിറക്കിയാണ് പീഡനം നടത്തിയത്. തുടര്‍ന്ന് അജയന്റെ പരാതിയില്‍ പത്തനംതിട്ട എസ്.പി. ആനന്ദിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. സി.ഐ. ബാബു കുറുപ്പിന്റെ മേല്‍നോട്ടത്തില്‍ എസ്.എച്ച്.ഒ. എബിന്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്. പ്രധാന പ്രതിയായ ദീപക് ജോയ് ഇടുക്കിയ ചെറുതോണിയില്‍ നിന്നാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചതും അവര്‍ പിടിയിലായതും. ഈ കൃത്യത്തില്‍ മറ്റാരുടെയെങ്കിലും പങ്ക് ഉണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. പിടിയിലായ പ്രതികള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു.








