നീലേശ്വരം: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നീലേശ്വരത്ത് മണ്ണ് നിറച്ചുള്ള നിര്‍മ്മാണം ഉപേക്ഷിച്ച് തൂണുകളിലുള്ള ആകാശപാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ 196-ാം ദിവസം വേറിട്ട സമരം. കൊടുംവേനലിലും വെള്ളമുള്ള ചതുപ്പുനിലത്തില്‍ അശാസ്ത്രീയമായി റാംപ് നിര്‍മ്മിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരസമിതി പ്രവര്‍ത്തകര്‍ നീര്‍ച്ചാലില്‍ കളിത്തോണി ഇറക്കി സമരം നടത്തിയത്. തെക്കില്‍ വളവില്‍ നിന്നും റോഡ് പൊളിച്ചുമാറ്റിയ കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ തള്ളിയാണ് ഇവിടെ നിര്‍മ്മാണം പുരോഗമിക്കുന്നത്. സ്ത്രീകളും മുതിര്‍ന്ന പൗരന്മാരുമടക്കം നിരവധി പേര്‍ സമരത്തില്‍ പങ്കെടുത്തു. പ്രതിഷേധ സമരത്തിന് ജനകീയ സമര സമിതി ചെയര്‍മാന്‍ ടി.സി.വി. ശ്രീനാഥ് ശശി, ജനറല്‍ കണ്‍വീനര്‍ ഡി. രാജന്‍, മഹമ്മൂദ് കോട്ടായി എന്നിവര്‍ നേതൃത്വം നല്‍കി. ഹരീന്ദ്രന്‍, പത്മരാജന്‍ ഐങ്ങോത്ത്, വിജയന്‍ കൈപ്പാട്ടില്‍, സി.എം. അശോക് കുമാര്‍, രാജീവന്‍, വിനോദ്, ജോണ്‍ ഐമെന്‍ എന്നിവര്‍ പങ്കെടുത്തു.







