കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും ക്രൂര മര്‍ദ്ദനം. ഗുരുതരമായി പരിക്കേറ്റ കൊല്ലം നീണ്ടകര മണ്ണാത്തറ സ്വദേശിനി അഞ്ജുവി(24)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് നീണ്ടകര സ്വദേശി നന്ദുവിനും ഇയാളുടെ മാതാപിതാക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ജൂലൈ 27നായിരുന്നു അഞ്ജുവും നന്ദുവും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനം തുടങ്ങിയിരുന്നു. അതിനിടെ ഭര്‍ത്താവ് വിദേശത്ത് പോയി. അവിടെ നിന്ന് ഫോണിലൂടെ അസഭ്യം പറഞ്ഞതോടെ
അഞ്ജു സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്നു. പ്രശ്‌നം പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് ഭര്‍തൃവീട്ടുകാര്‍ തിരികെ യുവതിയെ വിളിച്ചുകൊണ്ടുവന്നു. നന്ദു നാട്ടില്‍ തിരിച്ചെത്തി അഞ്ജുവിനെയും കൂട്ടി വിദേശത്തുപോയി. എന്നാല്‍, വിദേശത്തെത്തിയതോടെ പീഡനത്തിന്റെ വ്യാപ്തി വര്‍ധിക്കുകയായിരുന്നു. താമസിക്കുന്നവീട്ടിലെ ഇടികല്ല്, പ്രെഷര്‍ കുക്കര്‍, ലാപ്‌ടോപ്പിന്റെ ചാര്‍ജര്‍ വയറുകള്‍ തുടങ്ങി കയ്യില്‍ കിട്ടിയ വസ്തുക്കളെല്ലാം ഉപയോഗിച്ചായിരുന്നു ഭര്‍ത്താവിന്റെ മര്‍ദനം. പ്രെഷര്‍ കുക്കറുകൊണ്ട് തലയ്ക്കടിച്ചതിനെത്തുടര്‍ന്ന് അഞ്ജുവിന് ഗുരുതരമായി പരിക്കേറ്റു. ക്രൂരമര്‍ദനമേറ്റ യുവതി സെപ്റ്റംബര്‍ 30 ന് തിരിച്ചു നാട്ടിലെത്തി പൊലീസിനു പരാതി നല്‍കുകയായിരുന്നു. യുവതിയുടെ ശരീരത്തിലാകമാനം മര്‍ദനമേറ്റതിന്റെ ആഴത്തിലുള്ള പാടുകളുണ്ട്. ഭര്‍ത്താവ് നന്ദുവിന് രാഷ്ട്രീയപ്പാര്‍ട്ടിയിലുള്ള വലിയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും തനിക്ക് നീതി ലഭിക്കണമെന്നും അഞ്ജു ആവശ്യപ്പെട്ടു.
കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി, താന്‍ മോശം സ്ത്രീയാണെന്ന് കുറ്റസമ്മതം നടത്തുന്ന തരത്തിലുള്ള ശബ്ദരേഖകള്‍ നന്ദു നിര്‍ബന്ധിച്ച് റെക്കോര്‍ഡ് ചെയ്യിപ്പിച്ചു. ഈ വ്യാജ ശബ്ദരേഖകള്‍ യുവതിയുടെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അയച്ചുകൊടുത്ത് യുവതിയെ സമൂഹത്തില്‍ അപമാനിക്കാനും ശ്രമിച്ചിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.








