വയലാര്‍ അവാര്‍ഡ് ആര്‍.രാജശ്രീയ്ക്ക്

തിരുവനന്തപുരം: അന്‍പതാമത് വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ സാഹിത്യ പുരസ്‌കാരം ഡോ.ആര്‍. രാജശ്രീയുടെ ആത്രേയകത്തിന്. അഞ്ച് വര്‍ഷത്തിനിടയില്‍ പ്രസിദ്ധീകരിക്കപ്പെട്ട കൃതികളില്‍ നിന്ന് ഏറ്റവും ശ്രേഷ്ഠമായ കൃതി എന്ന നിലയിലാണ് ‘ആത്രേയകം’ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. ഒരു ലക്ഷം രൂപ, പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പം, പ്രശസ്തിപത്രം എന്നിവയടങ്ങുന്നതാണ് അവാര്‍ഡ്. വയലാര്‍ രാമവര്‍മ്മയുടെ അന്തരണത്തിനും വയലാര്‍ അവാര്‍ഡിനും 50 വര്‍ഷം തികയുന്ന വേളയില്‍ ‘വയലാര്‍ വര്‍ഷം’ ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ പുരസ്‌കാര പ്രഖ്യാപനം. പ്രശസ്ത കവയിത്രി ഒ.വി. ഉഷ, പ്രമുഖ നോവലിസ്റ്റും വയലാര്‍ അവാര്‍ഡ് ജേതാവുമായ സുഭാഷ് ചന്ദ്രന്‍, നിരൂപകന്‍ വിജയകുമാര്‍ എന്നിവരടങ്ങുന്ന പ്രഗല്‍ഭ ജൂറിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്. അവസാനഘട്ടത്തില്‍ പരിഗണിച്ച കൃതികളെ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം ഏകകണ്ഠമായാണ് ജൂറി ‘ആത്രേയകം’ തെരഞ്ഞെടുത്തത്. മഹാഭാരതത്തെ ഉപജീവിച്ച് രചിക്കപ്പെട്ട മലയാളത്തിലെ പ്രശസ്തമായ മറ്റ് കൃതികളുടെ നിരയിലേക്ക് ചേര്‍ത്തു വെക്കാവുന്ന മികച്ച രചനയാണ് ‘ആത്രേയകം’ എന്ന് ജൂറി വിലയിരുത്തി. കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവില്‍ ജനിച്ച ആര്‍. രാജശ്രീ ‘കല്യാണിയെന്നും ദാക്ഷായിണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത’ എന്ന നോവലിലൂടെയാണ് ശ്രദ്ധേയയായത്. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് അംഗങ്ങളായ പ്രഭാവര്‍മ്മ, ഡോ. വി. രാമന്‍കുട്ടി, ബി. സതീശന്‍, ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളായ ഒ. വി. ഉഷ, സുഭാഷ് ചന്ദ്രന്‍, വി. വിജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page