മക്കയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. നാല് നഴ്സുമാരും സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറുമാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് ദുരന്തമുണ്ടായത്. കോട്ടയം പാലാ സ്വദേശി ജെയ്സിമോൾ മാത്യു(36), കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി(26) എന്നിവരും തമിഴ്നാട് തഞ്ചാവൂർ പട്ടുകോട്ടയ് സ്വദേശി ദേവമണി ഹെപ്സിബ (33), ചെന്നൈ സ്വദേശി വിജയലക്ഷ്മി (36) എന്നിവരും വാഹനമോടിച്ചിരുന്ന സൗദി പൗരനും ആണ് മരിച്ചത്. സൗദി സർക്കാരിനു കീഴിലുള്ള ഡിസ്പൻസറികളിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ട നാല് നഴ്സുമാരും. മക്കയിലെ അൽഗഫയിലായിരുന്നു ഇവർ ജോലി ചെയ്തുവന്നിരുന്നത്. വാരാന്ത്യ അവധി ദിനമായതിനാൽ സാധനങ്ങൾ വാങ്ങുന്നതിനായി വൈകുന്നേരം റാനിയ പട്ടണത്തിലേക്ക് പോവുകയായിരുന്നു ഇവർ. ഇവർ സഞ്ചരിച്ച വാഹനവും മറ്റൊരു വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
സംഭവസ്ഥലത്തുവെച്ചുതന്നെ അഞ്ചുപേരും മരണപ്പെട്ടു. ജിദ്ദ കോൺസുലേറ്റിന്റേയും കെഎംസിസി റാനിയ കമ്മിറ്റിയുടേയും നേതൃത്വത്തിൽ ഇവരുടെ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page