കാസര്‍കോട്: ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് കാസര്‍കോട്, കാഞ്ഞങ്ങാട് ടൗണ്‍ മേഖലകളിലെ ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപകമായ പരിശോധന നടത്തി. പരിശോധനയില്‍ 188 ലിറ്റര്‍ ഉപയോഗിച്ച പാചക എണ്ണ കണ്ടെത്തി. നിശ്ചിത നടപടിക്രമങ്ങള്‍ പാലിച്ച് നീക്കം ചെയ്തു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 21 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നല്‍കി. സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷന്‍ തെളിമ’യുടെ ഭാഗമായാണ് ജില്ലയിലും പരിശോധന നടന്നത്. ഉപയോഗിച്ച പാചക എണ്ണ വീണ്ടും ഭക്ഷ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയുന്നതും സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യുന്നതും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കാസര്‍കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ എസ് സംഗീതിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഉപയോഗിച്ച പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി സംസ്ഥാന വ്യാപകമായി പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.







