കാസര്‍കോട്: മാണിയാട്ട് കോറസ് കലാസമിതിയുടെ 13-മത് എന്‍.എന്‍ പിള്ള സ്മാരക സിനിമ -നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാള സിനിമയിലെ സമഗ്ര സംഭാവനത്തിലുള്ള അവാര്‍ഡിന് സിദ്ധാര്‍ഥ് ഭരതനും നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് പൗര്‍ണ്ണമി ശങ്കറിനുമാണ് ലഭിച്ചത്. നടന്‍ വിജയരാഘവന്‍ ചെയര്‍മാനായ പുരസ്‌കാര സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. നവംബര്‍ 14 മുതല്‍ 23 വരെ നടക്കുന്ന നാടക മത്സരത്തിന്റെ ഉദ്ഘാടന ദിനത്തില്‍ സിനിമാ അവാര്‍ഡ് നല്‍കും. നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് 23 ന് സമാപനച്ചടങ്ങിലും വിതരണം ചെയ്യും.
നൂറോളം നാടകങ്ങളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും വടകര വരദ നാടകസംഘത്തിന്റെ ഉടമയുമാണ് പൗര്‍ണ്ണമി ശങ്കര്‍. പ്രശസ്ത സംവിധായകന്‍ ഭരതന്റെയും കെ.പി.എ.സി.ലളിതയുടെയും മകനായ സിദ്ധാര്‍ഥ് ഭരതന്‍ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ്. അഞ്ച് സിനിമകള്‍ സംവിധാനം ചെയ്യുകയും 30 ഓളം സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണ നാടക മത്സരത്തില്‍ ഒമ്പത് നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. ഉദ്ഘാടന ദിവസം എന്‍.എന്‍.പിള്ളയുടെ ഡാം നാടകം പ്രദര്‍ശന നാടകമായി തിരുവനന്തപുരം സചേതന അവതരിപ്പിക്കും. നാടക മത്സരത്തിന്റെ ഭാഗമായി നാടക ജ്യോതി പ്രായാണവും എന്‍.എന്‍.പിള്ളയെക്കുറിച്ചുള്ള പുസ്തക പ്രകാശനവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ജന.കണ്‍വീനര്‍ ടി.വി.ബാലന്‍, കോറസ് കലാസമിതി പ്രസിഡന്റ് സി.രാജേഷ്, തമ്പാന്‍ കീനേരി, സി.നാരായണന്‍, രാഘവന്‍ മാണിയാട്ട് പങ്കെടുത്തു.








