കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹെർണിയയ്ക്ക് താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തി, അണുബാധയെ തുടർന്ന് വീണ്ടും ശസ്ത്രക്രിയ, ചികിത്സയ്ക്കിടെ വീട്ടമ്മ മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കളുടെ പരാതി

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ രോഗി മരിച്ചു. ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) യാണ് മരിച്ചത്. ജനറൽ സർജറി വാർഡിൽ ചികിത്സയിലുണ്ടായിരുന്ന ഫസീന വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണ് മരിച്ചത്. ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം 18 ന് ഹസീനയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് ഹെർണിയ സംബന്ധിച്ച് താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തിയിരുന്നു. മൂന്നുദിവസം കഴിഞ്ഞ് ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങിയിരുന്നു.
വീട്ടിൽ എത്തിയ ഹസീനയ്ക്ക് കടുത്ത പനി വന്നു. ഇതേ തുടർന്ന് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധ മൂലമാണു പനിയുണ്ടായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പനി ഭേദമായ ശേഷം വീട്ടിലേക്ക് തിരിച്ചു പോയി. അടുത്ത ദിവസം അസ്വസ്ഥതയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് വയർ തുറന്നുള്ള ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ചികിത്സയ്ക്കിടെ ആരോഗ്യനില വഷളാവുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. വൈകിട്ടോടെ പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. മരണകാരണം സംബന്ധിച്ചു വ്യക്തത വരുത്തണമെന്നു ബന്ധുക്കൾ ആവശ്യപ്പെട്ടു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷിച്ചു നടപടിയെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 10.30 ന് ചങ്ങനാശേരി പഴയപള്ളി ടൗൺ ജുമാ മസ്ജിദിൽ നടക്കും. ഭർത്താവ് ഹസൻ കുഞ്ഞ്, മക്കൾ: ഹന്ന, ആസിഫ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page