പാലക്കാട്: മോഡലിങിന് പോകാന്‍ ആഗ്രഹിച്ചിരുന്നെന്നും ഇതിനു തടസ്സമാകുമെന്ന് കരുതിയതിനാലാണ് മക്കളെ കൊലപ്പെടുത്തിയതെന്നും മാതാവ് നിവേദ്യയുടെ മൊഴി. കൂടുതൽ പഠിക്കാനും ആഗ്രഹിച്ചിരുന്നു. കുട്ടികളെ നോക്കേണ്ടതിനാല്‍ അതിനു കഴിഞ്ഞില്ലെന്നും മൊഴിയുണ്ട്. കുട്ടികള്‍ ഉള്ളത് സ്വതന്ത്രമായി ജീവിക്കുന്നതിന് തടസ്സമായതിനാലാണ് ക്രൂരകൃത്യം ചെയ്തതെന്നാണ് നിവേദ്യ പൊലീസിന് നല്‍കിയ മൊഴി. കുട്ടികളേക്കുറിച്ചും ഭര്‍ത്താവിനേക്കുറിച്ചും പലരും അപവാദങ്ങള്‍ പറഞ്ഞിരുന്നെന്നും കുട്ടികള്‍ തന്റേതല്ലെന്ന രീതിയില്‍ പ്രചരിപ്പിച്ചിരുന്നെന്നും നിവേദ്യ പൊലീസിനോട് പറഞ്ഞു. കുട്ടികളെ കൊലപ്പെടുത്തി താനും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നും നിവേദ്യ ചോദ്യം ചെയ്യലില്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങള്‍ പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. ചൊവ്വാഴ്ച രാവിലെ 10.30-ന് മേനോൻപാറ കൂരാങ്കാട്ടിലെ വാടകവീട്ടിലാണ് ഇരട്ട കൊലപാതകം നടന്നത്.ജോണ്‍ കുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെന്നിഫര്‍ ജൂലിയറ്റ് (5), റോബിന്‍ ക്രിസ്റ്റഫര്‍ (3) എന്നിവരാണ് കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലിൽ വെള്ളത്തൊട്ടിയില്‍ മുക്കി കുട്ടികളെ കൊന്നത് താനാണെന്ന് നിവേദ്യ പൊലീസിനോട് സമ്മതിച്ചു.ദമ്പതികള്‍ തമ്മില്‍ സ്ഥിരം വഴക്കായിരുന്നു എന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. നിവേദ്യ അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതിനെ ജോണ്‍ കുമാര്‍ എതിര്‍ത്തിരുന്നു. കൊലപാതകത്തിന് മറ്റ് കാരണങ്ങള്‍ ഉണ്ടോ എന്നറിയാന്‍ നിവേദ്യയുടെ ഫോണ്‍ പൊലീസ് വിശദമായി പരിശോധിക്കും. പരിസരവാസികളുടെയും ബന്ധുക്കളുടെയും പരാതിയെ തുടർന്ന് നിവേദ്യയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഭര്‍ത്താവ് മദ്യപാനിയാണ്. അതേ തുടര്‍ന്നുള്ള പ്രശ്‌നങ്ങളുമുണ്ട്. യുവതിക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ല. നിലവില്‍ ഒരു പ്രതിമാത്രമാണുള്ളത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.








