പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍; ഫൈസല്‍ ഹണി ട്രാപ്പ് കേസിലും പ്രതി

കാഞ്ഞങ്ങാട്: അഞ്ചുവര്‍ഷത്തിലേറെയായി ഒളിവില്‍ കഴിയുകയായിരുന്ന പീഡനക്കേസിലെ പ്രതി പിടിയില്‍. 2021 ല്‍ ഹോസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി പി ഫൈസല്‍(36) ആണ് പിടിയിലായത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി എം വി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ടെക്‌നിക്കല്‍ ഇന്റലിജന്‍സ് സ്‌ക്വാഡ് ആണ് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇയാളെ പിടികൂടിയത്. 2024 ല്‍ മേല്‍പറമ്പ് പൊലീസ് രജിസ്റ്റര്‍ചെയ്ത ഹണിട്രാപ്പു കേസിലും ഇയാള്‍ പ്രതിയാണ്. കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ പ്രതി വിചാരണാ വേളയില്‍ ഹാജരാകാതെ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് കോടതി ഇയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി അന്യസംസ്ഥാനങ്ങളിലേക്ക് ചരക്കുമായി പോകുന്ന ലോറിയില്‍ ഡ്രൈവറായി ജോലി ചെയ്തുവന്നിരുന്നു. പലസ്ഥലങ്ങളിലായി കഴിയുന്നിനാല്‍ പൊലീസിന് ഒരിക്കലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍ പ്രതി സ്ഥിരമായി എത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈബര്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രതിയുടെ യാത്രകളും നീക്കങ്ങളും കൃത്യമായി നിരീക്ഷിച്ചുവരികയായിരുന്നു. ഇയാളുടെ യാത്രകളെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ച പൊലീസ് ചൊവ്വാഴ്ച പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് വിദഗ്ധമായി വളഞ്ഞ് പിടികൂടുകയായിരുന്നു. ടെക്‌നിക്കല്‍ ഇന്റലിജന്‍സ് സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ സൈഫുദ്ദീന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീകാന്ത് അരവഞ്ചാല്‍, അജയന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page