കോട്ടയം: വാഹനാപകടത്തില്‍ മരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. കേസിലെ മൂന്നാം എതിര്‍കക്ഷിയായ ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി 30 ദിവസത്തിനകം തുക കോടതിയില്‍ കെട്ടിവയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോട്ടയം എംഎസിടി ജഡ്ജി പ്രസൂണ്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കള്‍ എന്നിവരെയാണ് നഷ്ടപരിഹാരത്തിന് അര്‍ഹരായ ആശ്രിതരായി കോടതി പരിഗണിച്ചത്. സുധിയുടെ മരണത്തെ തുടര്‍ന്ന് കുടുംബത്തിനുണ്ടായ സാമ്പത്തിക നഷ്ടവും അദ്ദേഹത്തെ ആശ്രയിച്ചിരുന്നവരുടെ അവകാശങ്ങളും പരിഗണിച്ചാണ് ട്രൈബ്യൂണല്‍ നഷ്ടപരിഹാരത്തുക നിശ്ചയിച്ചത്.
കേരളത്തിലെ എംഎസിടി ഉത്തരവുകളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഈ വിധിയെന്നു ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. എ.ആര്‍.കലേഷ് കുമാര്‍, അഡ്വ.കെ.എസ്.ഹര്‍ഷാന എന്നിവര്‍ പറഞ്ഞു.
അപകടത്തില്‍ സുധിക്കൊപ്പം സഞ്ചരിച്ചിരുന്ന ബിനു അടിമാലി, മഹേഷ് കുഞ്ഞുമോന്‍ എന്നിവര്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമായിരുന്നു കൊല്ലം സുധി. മിമിക്രി വേദികളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. പിന്നീട് ടെലിവിഷന്‍ പരിപാടികളിലും റിയാലിറ്റി ഷോകളിലും സജീവ സാന്നിധ്യമായി മാറി. സിനിമയിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു.
2015 ല്‍ പുറത്തിറങ്ങിയ ‘കാന്താരി’ എന്ന ചിത്രത്തിലൂടെയാണ് കൊല്ലം സുധി സിനിമയിലെത്തിയത്. ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘കുട്ടനാടന്‍ മാര്‍പാപ്പ’, ‘കേശു ഈ വീടിന്റെ നാഥന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ടെലിവിഷന്‍ പരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകരുടെ പ്രിയതാരമായി മാറുന്നതിനിടെയായിരുന്നു അപ്രതീക്ഷിത മരണം.








