തിരുവനന്തപുരം: മദ്യപിക്കാന്‍ പണം ചോദിച്ചിട്ട് നല്‍കാത്തതിനെ തുടര്‍ന്ന് മാതാവിനെ മകന്‍ കൊലപ്പെടുത്തി. സംസ്ഥാന അതിര്‍ത്തിയിലെ തിങ്കള്‍ചന്തയിലാണ് സംഭവം. തിങ്കള്‍ചന്തയ്ക്ക് സമീപം മേക്കാമണ്ഡപത്തില്‍ സുന്ദരദാസിന്റെ ഭാര്യ തങ്കലീല (67) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ സിബി (37) പിടിയിലായി. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് തങ്കലീല മകള്‍ ജാസ്മിന്‍ ഷീബയോടൊപ്പമായിരുന്നു താമസം. മകളുടെ വീട്ടിലാണ് തങ്കലീലയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇര്‍ണിയല്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ സിബി ആ വിട്ടില്‍ എത്തിയതായി സൂചന ലഭിച്ചു. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് താന്‍ മാതാവിനെ കൊലപ്പെടുത്തിയതായി സിബി സമ്മതിച്ചത്. തുടര്‍ന്ന് പൊലീസ് സിബിയെ അറസ്റ്റ് ചെയ്തു. മദ്യപിക്കാന്‍ അമ്മയോട് പണം ചോദിച്ചാല്‍ തരില്ലെന്നും സഹോദരി പണം ചോദിച്ചാല്‍ മാത്രമേ നല്‍കുകയുള്ളൂ എന്നും അതിനാലാണ് മാതാവിനെ കൊലപ്പെടുത്തിയതെന്നും പ്രതി പോലീസിന് മൊഴിനല്‍കി. സംഭവദിവസവും സിബിയും തങ്കലീലയുമായി പണത്തെ ചൊല്ലി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. തര്‍ക്കത്തിനിടെ മാതാവിനെ കട്ടിലിലേക്ക് തളളിയിട്ട് പരിക്കേല്‍പിച്ചു. തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സിബിയെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു.








