കാസർകോട്: നീലേശ്വരം താലൂക്ക് ആശുപത്രിക്ക് സമഗ്ര വികസനം വരുന്നു. ഇതിന്റെ
ഭാഗമായി ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. പദ്ധതിയുടെ പ്രവൃത്തി അടുത്ത വർഷം ഡിസംബർ 31 നകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2024 – 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നീലേശ്വരം താലൂക്ക് ആശുപത്രിക്ക് സർക്കാർ 13 കോടി രൂപ അനുവദിച്ചത്. മലപ്പുറത്തെ മാളിയേക്കൽ കൺസഷൻ കമ്പനിയാണ് ആശുപത്രിയുടെ നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. ആറുമാസം മുമ്പ് അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് തറക്കല്ലിടൽ കർമ്മം നിർവഹിച്ചിരുന്നു. ഇരുനിലകളിലായി 1853.42 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ കെട്ടിടമാണ് നിർമിക്കുന്നത്. പദ്ധതിയുടെ പുതുക്കിയ സാമ്പത്തിക അനുമതി 13,01,62,287 രൂപ ആണ്. പുതിയ കെട്ടിടത്തിൽ രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഒരുക്കും. 6 കിടക്കകളുള്ള ഐ സി യു, 4 കിടക്കകളുള്ള ഒബ്സർവേഷൻ റൂം, മൈനർ ഓപ്പറേഷൻ തിയേറ്റർ, ട്രയാജ് സംവിധാനം, ഐസൊലേഷൻ റൂം, ഫാർമസി, ലബോറട്ടറി, ഇ സി ജി റൂം തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിനുപുറമെ ഡെന്റൽ, നേത്രരോഗം, ഓർത്തോപീഡിക്, പി എം ആർ, സർജറി, ജനറൽ മെഡിസിൻ, ഇ എൻ ടി, പീഡിയാട്രിക് തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ കൺസൾട്ടേഷൻ സൗകര്യങ്ങളും പുതിയ കെട്ടിടത്തിൽ ഉണ്ടാകും. 26 പേർക്ക് ഉപയോഗിക്കാവുന്ന ബെഡ് ലിഫ്റ്റ്, ഫയർ സേഫ്റ്റി സംവിധാനങ്ങൾ, പുതിയ ഡ്രെയിനേജ് സംവിധാനം, കോൺക്രീറ്റ് പേവർ ബ്ലോക്ക് റോഡ്, ജലസംഭരണ സംവിധാനങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. നീലേശ്വരം താലൂക്ക് ആശുപത്രിയിൽ എത്തുന്ന സാധാരണക്കാർക്ക് കൂടുതൽ മികച്ചതും ആധുനികവുമായ ആരോഗ്യപരിചരണം ലഭ്യമാക്കുന്നതിന് പുതിയ കെട്ടിടം സഹായകരമാകുമെന്നാണ് പ്രതീക്ഷ. നിലേശ്വരം നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് സോനു ബി നായർ അടക്കമുള്ള ഉദ്യോഗസ്ഥരും, കരാർ ഏറ്റെടുത്ത മാളിയേക്കൽ കൺസ്ട്രക്ഷൻ കമ്പനി അധികൃതരും ചേർന്ന് സ്ഥലനിർണ്ണയം നടത്തി. നീലേശ്വരം നഗരസഭ സെക്രട്ടറി അനുപമ സദാനന്ദൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ വി സുരേന്ദ്രൻ, വാർഡ് കൗൺസിലർ ഇ. അനീഷ് എന്നിവരും സംബന്ധിച്ചു.







