ചന്തേര എംഡിഎംഎ കേസ്; പിന്നില്‍ അന്താരാഷ്ട്ര-അന്തര്‍സംസ്ഥാന മാഫിയ, പിടിയിലായ ഐവറി കോസ്റ്റ് പൗരൻ കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിന്റെ തലവൻ

കാസർകോട്: കാലിക്കടവിൽ പിടികൂടിയ കേസിലെ സംഘത്തലവൻ പിടിയിലായ ഐവറി കോസ്റ്റ് പൗരനെന്ന് അന്വേഷണസംഘം. ജീൻ പിയർ സെറി എന്ന സാമുവൽ ഓസ്ലൻ (35) എന്നയാളാണ് പൊലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് 12 എടിഎം കാർഡുകളും, 29 4000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഒരു വർഷം മുമ്പ് സ്റ്റുഡന്റ് വിസയിൽ ആണ് ഇയാൾ ഇന്ത്യയിൽ എത്തിയത്. വിസ കാലാവധി കഴിഞ്ഞിട്ടും നോയിഡയിൽ തന്നെ കഴിയുകയായിരുന്നു. നോയിഡ കേന്ദ്രീകരിച്ച് നടത്തുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ തലവനാണ് ഇയാൾ. കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നത് ഇയാൾ വഴിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാലിക്കടവിൽ പിടികൂടിയ മയക്കുമരുന്നിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് മുഖ്യപ്രതിയെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ആഗസ്ത് 9ന് ആണ് കാലിക്കടവ് ദേശീയപാതയിൽ വച്ച് കാറിൽ കടത്തിയ 139.29 ഗ്രാം എംഡിഎംഎ ചന്തേര പൊലീസ് പിടികൂടിയത്. സംഭവത്തിൽ അന്ന് എറണാകുളം സ്വദേശികളായ പി എ അബ്ദുല്‍ സലാം, കെ എച്ച് മുഹമ്മദ് ഹുസൈന്‍, പി എ അബ്ബാസ്, ഇ എസ് സൈനുലാബിദീന്‍, കാസര്‍ കോട് പാറപ്പള്ളി സ്വദേശി മുഹമ്മദ് സാബിര്‍ എന്നിവരെ പിടികൂടിയിരുന്നു. തുടർ അന്വേഷണത്തിൽ ഗുജറാത്ത് സ്വദേശി റിയ ഖാന്‍, ഘാന സ്വദേശി വിക്ടര്‍ ഡ്സാബെ, ഉത്തര്‍പ്രദേശ് സ്വദേശി വിഷ്ണുകുമാര്‍ എന്നിവരെയും പിടികൂടിയിരുന്നു. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘത്തലവനെയും പിടികൂടുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി എം വി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. നേരത്തെ അറസ്റ്റിലായവരിൽ നിന്നും ലഭിച്ച വിവരങ്ങളും വാട്സാപ്പ് സന്ദേശങ്ങളും പിടിയിലായവരുടെ ബന്ധുക്കളുടെ ബാങ്ക് ഇടപാടുകളും പരിശോധിച്ചാണ് ഇയാളിലേക്ക് അന്വേഷണം എത്തിയതെന്ന് പോലീസ് വ്യക്തമാക്കി. തട്ടിപ്പുകേസുകളില്‍ പ്രതിയായ പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി സൈനുല്‍ ആബിദീന്‍, മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട കാസര്‍കോട് അമ്പലത്തറ പാറപ്പള്ളി സ്വദേശി മുഹമ്മദ് സാബിര്‍, നടക്കാവ് പൊലീസ് സ്റ്റേഷന്‍ മയക്കുമരുന്ന് കേസിലെ പ്രതിയായ ഘാന പൗരന്‍ വിക്ടര്‍ ഡിസോബ എന്നിവര്‍ റിമാന്‍ഡില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞപ്പോഴാണ് പരസ്പരം പരിചയപ്പെടുന്നത്. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വാട്‌സാപ്പ് വഴി ബന്ധം പുലര്‍ത്തുകയായിരുന്നു. പിന്നീട് ഇവര്‍ കേരളത്തില്‍ വിപുലമായി മയക്കുമരുന്ന് എത്തിച്ച് വില്‍ക്കാന്‍ പദ്ധതി തയ്യാറാക്കി. തുടര്‍ന്ന് കൊല്ലം കൊട്ടിയത്തെ ട്രാന്‍സിറ്റ് ഹോമില്‍ കഴിഞ്ഞുവരികയായിരുന്ന ഘാന പൗരന്‍ വിക്ടര്‍ ഡിസോബ, അവിടെയിരുന്ന് ഒന്നിലധികം വാട്‌സാപ്പ് അക്കൗണ്ടുകള്‍ വഴി സൈനുല്‍ ആബിദീനുമായി ലഹരി ഇടപാടുകള്‍ ആസൂത്രണം ചെയ്തു. ട്രാന്‍സിറ്റ് ഹോമില്‍ ലഹരി ലഭ്യമല്ലാതിരുന്നതിനാല്‍, വിക്ടര്‍ തന്റെ സുഹൃത്തും ഐവറി കോസ്റ്റ് സ്വദേശിയുമായ ജീന്‍ പിയറി സെറി (സാമുവല്‍ / സാമുവല്‍ ഓസ്ലന്‍) യെ വാട്‌സാപ്പ് വഴി ബന്ധപ്പെടുകയും കേരളത്തിലേക്ക് ലഹരി എത്തിക്കാനുള്ള വഴിയൊരുക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
രാജപുരം, കോളിച്ചാലിൽ വൻ മയക്കുമരുന്നു വേട്ട; മടിക്കേരി, ദണ്ഡഗോളി, പുത്തിഗെ സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ; 79 ഗ്രാം എം ഡി എം എ പിടികൂടി , കൂട്ടാളി 160 ഗ്രാം മയക്കുമരുന്നുമായി കോഴിക്കോട്ട് പിടിയിൽ
Scroll to top

You cannot copy content of this page