വിവാഹത്തിന് മുന്‍പ് രണ്ട് തവണ ഐവിഎഫ് ചികിത്സയ്ക്ക് വിധേയയായതായി വെളിപ്പെടുത്തി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. റൈസ് ആന്റ് ഫാള്‍ സീസണ്‍ ടുവില്‍ സ്വര നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്. വിവാഹം എന്നൊന്ന് ജീവിതത്തിലുണ്ടാകില്ലെന്ന് സ്വര തീരുമാനിച്ചിരുന്നു. പക്ഷെ അമ്മായാവുകയെന്നത് സ്വരയുടെ സ്വപ്നമായിരുന്നു. അങ്ങനെയാണ് വിവാഹം കഴിക്കാതെ തന്നെ സ്വര അമ്മയാകാന്‍ തീരുമാനിക്കുന്നത്. തന്റെ അച്ഛനേയും അമ്മയേയും സമ്മതിപ്പിച്ചതിനെക്കുറിച്ചും സ്വര സംസാരിക്കുന്നുണ്ട്. ‘ഞാന്‍ ഐവിഎഫ് ചെയ്യാന്‍ ഓക്കെയായിരുന്നു. അച്ഛനേയും അമ്മയേയും സമ്മതിപ്പിച്ചിരുന്നു. എന്റെ കല്യാണം നടക്കില്ല, ഐവിഎഫിലൂടെ അമ്മയാകാമെന്ന് കരുതി. പാവം എന്റെ അച്ഛനും അമ്മയും ഇത് വലിയ വെല്ലുവിളിയാണ്, പക്ഷെ നിന്റെ ഇഷ്ടത്തിനൊപ്പം നില്‍ക്കുമെന്ന് പറഞ്ഞു” എന്നാണ് സ്വര പറഞ്ഞത്. പക്ഷേ സ്വാഭാവികമായും അവര്‍ക്ക് ആ തീരുമാനവുമായി പൊരുത്തപ്പെടാന്‍ അല്‍പം സമയം വേണ്ടിവന്നു. ഇന്ത്യപോലെ ഒരു രാജ്യത്ത് ഇത്തരമൊരു തീരുമാനമെടുത്ത് ജീവിക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ തീരുമാനം ഉറച്ചതായിരുന്നതിനാല്‍ ഐവിഎഫ് ചികിത്സയ്ക്ക് വിധേയയായി. താന്‍ രണ്ട് തവണ ഐവിഎഫ് ചികിത്സ നടത്തിയെന്നാണ് താരം പറയുന്നത്. ഇന്‍ജക്ഷനുകളും കടുത്ത ഹോര്‍മോണ്‍ ചികിത്സകളും അടങ്ങിയ രണ്ട് ഐ.വി.എഫ് സൈക്കിളുകള്‍ പൂര്‍ത്തിയാക്കിയെങ്കിലും രണ്ടും പരാജയത്തില്‍ കലാശിച്ചുവെന്ന് സ്വര പറയുന്നു. ശരീരം ഈ ചികിത്സകളോട് അനുകൂലമായി പ്രതികരിക്കാത്ത സാഹചര്യം വന്നതോടെ ഐ.വി.എഫ് പരീക്ഷണം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2023 ല്‍ രാഷ്ട്രീയ പ്രവര്‍ത്തകനായ ഫഹദ് അഹമദിനെ സ്വര വിവാഹം കഴിച്ചു. സമാജ്വാദി പാര്‍ട്ടി നേതാവും യുവജന നേതാവുമാണ് ഫഹദ്. 2023 സെപ്റ്റംബര്‍ 23 ഇരുവരുടേയും മകള്‍ റാബിയ രാമ അഹ്‌മദ് ജനിച്ചു.








