മുംബൈ: അറബിക്കടലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയില്‍ 3000 കോടി രൂപ വില വരുന്ന വന്‍ മയക്കുമരുന്നു ശേഖരവുമായി അഞ്ച് പാക് പൗരന്മാരെ അറസ്റ്റു ചെയ്തു. ഇറാനിയന്‍ പായ്ക്കപ്പലില്‍ കടത്തുകയായിരുന്ന മയക്കുമരുന്ന് ലക്ഷദ്വീപിനു പടിഞ്ഞാറു ഭാഗത്തു വച്ചാണ് പിടിയിലായത്. ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ 25 മുതല്‍ കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണത്തിലായിരുന്നു പായ്ക്കപ്പല്‍.
526 കിലോ ഗ്രാം ഹൈഗ്രേഡ് ഹെറോയിനും മെത്താഫെറ്റമിനുമാണ് പിടികൂടിയത്. കസ്റ്റഡിയിലായ പാക് പൗരന്മാരെ മുംബൈയിലെത്തിച്ചു ചോദ്യം ചെയ്തുവരികയാണ്. രാജ്യത്തിന്റെ തീരദേശ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സര്‍ക്കാരിന്റെ ‘നശാ മുക്ത് ഭാരത് അഭിയാന്‍’ ലക്ഷ്യത്തിനു കരുത്തു പകരുന്ന ദൗത്യമാണ് സേന നടത്തിയതെന്നു കോസ്റ്റ് ഗാര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.








