പാലക്കാട്: ഇന്ത്യന്‍ റെയില്‍വേ ഒക്ടോബര്‍ 1 മുതല്‍ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം ആരംഭിക്കും. 31 വരെ സെന്‍ട്രല്‍ റെയില്‍വേ ശൃംഖലയിലുടനീളം നടക്കുന്ന പരിശോധനയില്‍ റെയില്‍വേ സ്റ്റേഷനുകളും ലോക്കല്‍ ട്രെയിനുകളും ഉള്‍പ്പെടും. ഗ്രൂപ്പ് ബുക്കിംഗുകളും പരിശോധനയ്ക്ക് വിധേയമാക്കും. സാധുവായ ടിക്കറ്റും ആവശ്യമായ രേഖകളും കൈവശം വെക്കണമെന്നും സുഗമമായ യാത്ര ഉറപ്പാക്കാന്‍ ടിക്കറ്റ് പരിശോധനാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും സെന്‍ട്രല്‍ റെയില്‍വേ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു. സെന്‍ട്രല്‍ റെയില്‍വേയാണ് വിപുലമായ ടിക്കറ്റ് പരിശോധനാ യജ്ഞം സംഘടിപ്പിക്കുന്നത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്തുന്നതില്‍ മാത്രം പരിശോധന ഒതുങ്ങില്ല. ഇളവുകളുള്ള ടിക്കറ്റുകള്‍, പ്രത്യേക റിസര്‍വേഷന്‍ ക്വാട്ടകള്‍, റെയില്‍വേ പാസുകള്‍ എന്നിവ ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് അവയ്ക്ക് യഥാര്‍ഥത്തില്‍ അര്‍ഹതയുണ്ടോ എന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ പരിശോധിക്കും.
ടിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്നതിനായി ആവശ്യമായ സാഹചര്യങ്ങളില്‍ ‘ടിടിഇ ആപ്പ്’ ഉപയോഗിക്കാന്‍ പരിശോധനാ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ ചട്ടപ്രകാരം അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളായ ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡ്, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്,
അംഗീകൃത സ്‌കൂള്‍, കോളേജ് എന്നിവ നല്‍കുന്ന ഫോട്ടോ പതിച്ച വിദ്യാര്‍ഥി തിരിച്ചറിയല്‍ കാര്‍ഡ്,
ഫോട്ടോ പതിച്ച ദേശസാല്‍കൃത ബാങ്ക് പാസ്ബുക്ക്, ഫോട്ടോ പതിച്ച ലാമിനേറ്റഡ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് യാത്രക്കിടെ കരുതണം. യാത്രക്കാര്‍ തിരിച്ചറിയല്‍ രേഖകളുടെ ഫോട്ടോകോപ്പിയെയോ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രത്തെയോ മാത്രം ആശ്രയിക്കാതെ, അസ്സല്‍ രേഖകള്‍ തന്നെ കൈവശം കരുതണം.
ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലോ രേഖകള്‍ ഹാജരാക്കുന്നതിലോ വീഴ്ച വരുത്തിയാല്‍, യാത്രക്കാരനെ സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നയാളായി കണക്കാക്കാന്‍ സാധ്യതയുണ്ട്.








