പട്‌ന: ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ റെയഡ്. റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. പട്‌നയിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേട്ട് (സപ്ലൈ) രവീന്ദ്ര കുമാര്‍ ദിവാകറിന്റെയും, ദാനാപ്പൂരിലെ ജില്ലാ സബ്-രജിസ്ട്രാറായ അദ്ദേഹത്തിന്റെ ഭാര്യ കുമാരി സ്വീറ്റിയുടെയും വീട്ടിലാണ് റെയ്ഡ് നടന്നത്. പരിശോധനയില്‍ ഒരു കോടിയോളം പണം, ആഭരണങ്ങള്‍, ആഡംബര വാച്ചുകളുടെ വലിയ ശേഖരം, കണക്കില്‍പെടാത്ത സ്വത്തുക്കളുമാണ് വിജിലന്‍സ് കണ്ടെത്തിയത്. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് ഡിഐജിയുടെ നേതൃത്വത്തില്‍ റെയ്ഡിനെത്തിയത്. രണ്ടുവീടുകളില്‍ നടത്തിയ പരിശോധനയില്‍ ബാങ്ക് അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. 48 ആഡംബര വാച്ചുകളാണ് റെയ്ഡില്‍ കണ്ടെത്തിയത്. പട്‌നയില്‍ രവീന്ദ്ര കുമാര്‍ ദിവാകറിന്റേയും അദ്ദേഹത്തിന്റെ ഭാര്യയുടെയും പേരില്‍ 1.07 കോടി രൂപ വിലമതിക്കുന്ന രണ്ട് ഫ്‌ലാറ്റുകള്‍ വാങ്ങിയിട്ടുണ്ട്. കൂടാതെ 1.28 കോടി രൂപ വിലമതിക്കുന്ന സ്ഥലങ്ങള്‍ പട്‌നയില്‍ വാങ്ങി. ഇത് ഭാര്യയുടേയും ദിവാകറിന്റെ പിതാവിന്റെയും പേരിലാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.








