പത്തനംതിട്ട: കോഴഞ്ചേരിയില്‍ പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്തുവന്നിരുന്ന കുളത്തൂപ്പുഴ സ്വദേശിനി ദിന്‍ഷ (20) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തായ കീഴൂകര സ്വദേശി ജിത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴഞ്ചേരി മാരാമണ്‍ റിസോര്‍ട്ടില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് കൊലപാതകം നടന്നത്. ഉച്ചയ്ക്ക് റിസോര്‍ട്ടിലെത്തിയ ജിത്തു ദിന്‍ഷയെ വിളിച്ച് എന്തോ കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് തൊട്ടുത്ത മരത്തിന്‍ ചുവട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് വാക്ക് തര്‍ക്കം നടന്നു. അതിനിടെ ജിത്തു കയ്യില്‍ കരുതിയ കത്തികൊണ്ട് പലതവണ കുത്തി. നിലവിളികേട്ട് റിസോര്‍ട്ടിലെ ജീവനക്കാരെത്തി യുവാവിനെ പിടിച്ചുമാറ്റി. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നാലെയാണ് മരണം സംഭവിച്ചത്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടാഴ്ച മുമ്പാണ് റിസോര്‍ട്ടില്‍ ദിന്‍ഷ ജോലിക്ക് കയറിയത്. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.








