തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും അധികം പേര്‍ ആശ്രയിക്കുന്ന ട്രെയിനുകളായ മലബാര്‍, മാവേലി എക്സ്പ്രസുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ചു. കഴിഞ്ഞ ദിവസമാണ് ഈ സുപ്രധാന തീരുമാനം ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ചത്. ഏറെക്കാലമായി യാത്രക്കാര്‍ ആവശ്യപ്പെടുന്ന കാര്യമാണ് ഇപ്പോള്‍ അനുവദിച്ചത്. മംഗളൂരു മുതല്‍ തിരുവനന്തപുരം പാതയില്‍ സര്‍വീസ് നടത്തുന്ന പ്രധാന ട്രെയിനുകളാണ് മലബാറും മാവേലിയും. ഓരോ കോച്ചുകളാണ് അനുവദിച്ചത്. മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്സ്പ്രസ് (16603) നാളെ മുതല്‍ അധിക കോച്ചുമായാകും സര്‍വീസ് നടത്തുക. തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസില്‍ (16604) ഒക്ടോബര്‍ ഒന്നാം തീയതി മുതലും അധികമായി ഒരു സ്ലീപ്പര്‍ കോച്ചുണ്ടാകും. പുലര്‍ച്ചയോടെയും രാവിലെയോടെയും തലസ്ഥാനത്ത് എത്തുന്നവയാണ് ഇവ രണ്ടും. ജോലിയുടെ ആവശ്യമായും അല്ലാതെയും യാത്ര ചെയ്യുന്ന സ്ഥിരം യാത്രക്കാര്‍ക്ക് ഏറ്റവും അധികം ഗുണകരമാവുന്ന ട്രെയിനുകളാണ് ഇവ. ഒരു സ്ലീപ്പര്‍ കോച്ച് കൂടി അനുവദിച്ചതോടെ ആകെ 10 സ്ലീപ്പര്‍ കോച്ചുകളായി മാവേലി എക്സ്രസിന്. ഒരു എസി ഫസ്റ്റ് ക്ലാസ് കം ടൂ ടയര്‍, ഒരു എസി ടൂ ടയര്‍, അഞ്ച് എസി ത്രീ ടയര്‍, അഞ്ച് ജനറല്‍ സെക്കന്‍ഡ് ക്ലാസ്, ഭിന്നശേഷിക്കാര്‍ക്കായി രണ്ട് സെക്കന്‍ഡ് ക്ലാസ് കോച്ചുകളും മാവേലി എക്സ്പ്രസിലുണ്ട്. ഒരുകോച്ചുകൂടി ലഭിച്ചതോടെ മലബാര്‍ എക്‌സപ്രസില്‍ ആകെ പത്തുകോച്ചുകുണ്ടാകും. വര്‍ഷങ്ങള്‍ക്ക് മുമ്പ് 10 സ്ലീപ്പര്‍ കോച്ചുകളുണ്ടായിരുന്നു. പിന്നീട് നീക്കം ചെയ്യുകയായിരുന്നു. പുതിയ കോച്ച് സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ചെന്നൈ എഗ്മൂര്‍ മംഗളൂരു എക്‌സ്പ്രസിന് ഇരുദിശയിലേക്കും (16159- 16160) ഓരോ സ്ലീപ്പര്‍ കോച്ച് അധികമായി അനുവദിച്ചിട്ടുണ്ട്. ആകെ കോച്ചുകളുടെ എണ്ണം 12 ആയി. ഇന്നുമുതല്‍ കോച്ചുകളുണ്ടാകും.








