സഊദിയില്‍ വധശിക്ഷക്കിരയായ മകൻ അബൂട്ടി നിരപരാധിയാണ്, സുഹൃത്ത് ചതിച്ചെന്ന് മാതാവ് ശാഹിദ

തലശ്ശേരി: മാരക മയക്കുമരുന്ന് പിടികൂടിയ കേസില്‍ വധശിക്ഷക്കിരയായ പെരിങ്ങാടി പുതിയ റോഡിലെ നൗറീസില്‍ അബൂട്ടി വെള്ളില്‍(41) നിരപരാധിയാണെന്ന് കുടുംബം. തൊഴില്‍ വിസ തീര്‍ന്ന് മറുനാട്ടില്‍ നേരിടേണ്ടിവന്ന നിസ്സഹായതയില്‍ അബൂട്ടിയെ സഹായിച്ച സുഹൃത്ത് ചതിച്ചതാണെന്നാണ് കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. കാറിന്റെ ഇന്ധനടാങ്കില്‍ നിന്നും മെത്താഫിറ്റമിന്‍ എന്ന ലഹരിപദാര്‍ഥം പിടികൂടിയ കേസില്‍പ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി സഊദി അറേബ്യയിലെ ദമാം ഖത്വീഫ് ജയിലിലടക്കയ്‌പ്പെട്ട അബൂട്ടിയുടെ വധശിക്ഷ ഇക്കഴിഞ്ഞ ഞായറാഴ്ച നടന്നിരുന്നു. മകൻ നിരപരാധിയാണെന്നും തെറ്റായി അവൻ ഒന്നും ചെയ്യില്ലെന്നും മാതാവ് ശാഹിദ
പറയുന്നു. ജയിലിലാകുന്നതിന് മുമ്പ് മാതാവിനെ വിളിച്ച് താൻ നാട്ടിലേക്ക് വരികയാണെന്ന് അറിയിച്ചിരുന്നു. ഇത് പ്രകാരം മകന്റെ ഭാര്യയെയും കൂട്ടി വിമാനത്താവളത്തിൽ എത്തിയപ്പോൾ അവൻ വന്നില്ലെന്നും വിമാനം മാത്രമേ കണ്ടുള്ളൂ എന്നും ശാഹിദ വേദനയോടെ പറയുന്നു. നേരത്തെ മസ്‌ക്കത്തിലായിരുന്നു ജോലി. സ്‌പോൺസറായ അറബി സ്‌ത്രീക്ക്‌ സർക്കാർ ജോലി ലഭിച്ചപ്പോഴാണ്‌ വിസ വിസ കാൻസൽ ചെയ്‌തത്‌. പുതിയ വിസക്ക്‌ സഹായിച്ച കണ്ണൂർ സ്വദേശിയായ ആളാണ്‌ കുടുക്കിയത്‌. 2023-ൽ ഒമാനിൽ നിന്നും റോഡ് മാർഗ്ഗം സൗദി അറേബ്യയിലേക്ക് അതിർത്തി കടക്കാൻ ശ്രമിക്കവെ സുരക്ഷാസേനയാണ് അബൂട്ടി ഓടിച്ചിരുന്ന ലാൻഡ് ക്രൂയിസർ വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചത്. പരിശോധനയിൽ, വാഹനത്തിന്റെ ഇരട്ട പെട്രോൾ ടാങ്കുകളിലൊന്നിൽ ‘ഷാബു’ എന്നറിയപ്പെടുന്ന 43 കിലോ മെത്താഫെറ്റമിൻ എന്ന മാരക ലഹരിമരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തി. വാഹനത്തിനുള്ളിൽ ലഹരിമരുന്നുണ്ടെന്ന വിവരം അബൂട്ടി അറിഞ്ഞിരുന്നില്ലെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്.
ഒരു സുഹൃത്ത് ഒമാനിൽ നിന്ന് സൗദിയിലേക്ക് ഒരു വാഹനം എത്തിച്ചു നൽകാൻ അബൂട്ടിയെ ഏൽപ്പിക്കുകയായിരുന്നു. ഈ ഓട്ടത്തിന് ലഭിക്കുന്ന തുകയ്ക്ക് വേണ്ടിയാണ് അദ്ദേഹം അതിന് തയ്യാറായതെന്ന് സുഹൃത്തുക്കളും കുടുംബവും പറയുന്നു. അതിൽ ലഹരിമരുന്നാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും കേവലം ഒരു പാഴ്സലാണെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റൊരാൾ നൽകിയതാണെന്നും അബൂട്ടി കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ വാഹനം ഇദ്ദേഹത്തിന്റെ പേരിലായിരുന്നതിനാലും തെളിവുകൾ ശക്തമായിരുന്നതിനാലും സൗദി കോടതികൾ ഇത് അംഗീകരിച്ചില്ല. വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതിയും സൗദി സുപ്രീം കോടതിയും ശരിവെക്കുകയും തുടർന്ന് രാജകീയ ഉത്തരവ് (റോയൽ ഡിക്രി) പുറത്തുവന്നതോടെ 2026 സെപ്റ്റംബർ 27-ന് ദമാമിൽ വധശിക്ഷ നടപ്പിലാക്കുകയും ചെയ്യുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page