കൊച്ചി: ജിഎസ്ടി ജോയന്റ് കമ്മീഷണര്‍ പ്രജനി രാജന്റെ കൊച്ചിയിലെ ഓഫീസിലും വീടുകളിലും വിജിലന്‍സ് മിന്നല്‍ റെയ്ഡ് നടത്തി. അനധികൃത പണപ്പിരിവും ക്രമക്കേടുകളും നടത്തുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്. തേവരയിലുള്ള ജിഎസ്ടി ജോയന്റ് കമ്മീഷണറുടെ ഓഫീസിലും ഇരട്ടക്കുളങ്ങരയിലുള്ള രണ്ടു വീടുകളിലും ഒരേ സമയത്തായിരുന്നു പരിശോധന.
പരിശോധനയില്‍ രേഖകളില്‍ ഇല്ലാത്ത 14 ലക്ഷം രൂപയും 788 അമേരിക്കന്‍ ഡോളറും പിടിച്ചെടുത്തു. ഇന്നലെ (ശനി)രാവിലെ തുടങ്ങിയ പരിശോധന രാത്രി 12 മണിയോടെയാണ് അവസാനിച്ചത്. വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പി എംജെ സോജന്‍, ഡിവൈഎസ്പി എഎല്‍ യേശുദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ചില ബാര്‍ ഹോട്ടലുകളിലെ ജിഎസ്ടി ഇടപാടുകളുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന വിവരം വിജിലന്‍സിന് നേരത്തെ ലഭിച്ചിരുന്നു. അതിന് ശേഷം പ്രജനി രാജന്റെ നീക്കങ്ങള്‍ വിജിലന്‍സ് നിരീക്ഷണത്തിലാക്കിയിരുന്നു.
എന്നാല്‍ പരിശോധനയില്‍ കണ്ടെത്തിയത് തന്റെ ലോഡ്ജില്‍ നിന്നുള്ള വരുമാനമാണെന്നാണ് പ്രജനി രാജന്‍ വിജിലന്‍സിനോട് പറഞ്ഞത്.








