കണ്‍വെന്‍ഷന്‍ ഹാളിലേക്ക് സംരക്ഷണഭിത്തി ഇടിഞ്ഞ് വീണ് 16 കാരിക്ക് ദാരുണാന്ത്യം; 4 പേര്‍ക്ക് പരിക്ക്

മംഗളൂരു: പാണ്ഡേശ്വരിലെ എമ്മേക്കരെയിലുള്ള കണ്‍വെന്‍ഷന്‍ ഹാളിലേക്ക് സംരക്ഷണഭിത്തി ഇടിഞ്ഞ് വീണ് 16 കാരിക്ക് ദാരുണാന്ത്യം. 4 വിദ്യാര്‍ഥികള്‍ പരിക്ക്. ഹാലിയങ്ങാടിയില്‍ താമസിക്കുന്ന മൊയ്തീന്‍ ഷമാസ് (16) ആണ് മരിച്ചത്. മംഗളൂരു സെന്റ് അലോഷ്യസ് പിയു കോളേജിലെ കൊമേഴ്സ് വിദ്യാര്‍ത്ഥിനിയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് അപകടം നടന്നത്. കണ്‍വെന്‍ഷന്‍ ഹാളില്‍ കോളേജ് യൂനിയനുമായി ബന്ധപ്പെട്ട യോഗം സംഘടിപ്പിച്ചിരുന്നു. പരിപാടിക്കായി ധാരാളം വിദ്യാര്‍ത്ഥികള്‍ വേദിയില്‍ തടിച്ചുകൂടിയതായി പൊലീസ് പറഞ്ഞു. വേദിയില്‍ തിരക്ക് കൂടുതലായതിനാല്‍, ചില വിദ്യാര്‍ത്ഥികള്‍ ബാല്‍ക്കണിയിലും തടിച്ചുകൂടിയിരുന്നു. ചിലര്‍ ഇടനാഴിയിലെ സംരക്ഷണഭിത്തിയില്‍ ചാരി നിന്ന് പരിപാടി വീക്ഷിച്ചിരുന്നു. പെട്ടെന്ന് ഭിത്തി തകര്‍ന്നുവീഴുകയായിരുന്നു. ഭിത്തിയുടെ കല്ലും മറ്റുഅവശിഷ്ടങ്ങളും ദേഹത്തുവീണ് ഷമാസടക്കം അഞ്ചോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ചികില്‍സയിലിരിക്കെ ശനിയാഴ്ച അര്‍ധരാത്രിയോടെ ഷമാസ് മരണത്തിന് കീഴടങ്ങി. മുഹമ്മദ് ഷാനന്‍ അഹമ്മദ് (18), ഹനീഫ് (23), ദാവൂദ് ഫര്‍സിന്‍ അഹമ്മദ് (18), മുഹമ്മദ് ഷക്കീല്‍ ഹുസൈന്‍ (18) എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മരണപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് മുഹമ്മദ് ഏലിയാസ് നല്‍കിയ പരാതിയെത്തുടര്‍ന്ന് മംഗളൂരു സൗത്ത് പൊലീസ് കെട്ടിട ഉടമ പരീക്ഷിത് റായ്, പരിപാടിയുടെ സംഘാടകനായ അഭിഭാഷകന്‍ ദിനകര്‍ ഷെട്ടി എന്നിവര്‍ക്കെതിരെ കേസെടുത്തു. യാതൊരു സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കാതെയാണ് പരിപാടിക്ക് അനുമതി നല്‍കിയതെന്നു ഏലിയാസ് ആരോപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page