പട്ന: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽനിന്നും യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ട്രാക്കിലേക്ക് തള്ളിയിടുകയും ചെയ്യുന്ന സീരിയൽ കില്ലറായ യുവാവ് പിടിയിൽ. ഭോജ്പുർ ബാരിസ്വാൻ സ്വദേശി രോഹിത് തിവാരിയാണ് അറസ്റ്റിലായത്. ബിഹാറിലെ ബക്സറിൽ നിന്നാണ് രോഹിതിനെ റെയിൽ പൊലീസ് പിടികൂടുന്നത്. ബിഹാറിലെ വൈശാലി നിവാസിയായ നിതിൻ കുമാറിന്റെ (21) മരണവുമായി ബന്ധപ്പെട്ടാണ് രോഹിത് തിവാരി അറസ്റ്റിലായത്. വേഷപ്രച്ഛന്നനായി ആണ് രോഹിത് ട്രെയിനിൽ കയറുന്നത്. ചിലപ്പോൾ പൊലീസായും ആർപിഎഫ് ഉദ്യോഗസ്ഥരായും റെയിൽവേ ഉദ്യോഗസ്ഥനായും വേഷം ധരിച്ച് ട്രെയിനിൽ എത്തും. വാതിലിനു അടുത്തായി ഒറ്റയ്ക്ക് നിൽക്കുന്നവരെ ഭീഷണിപ്പെടുത്തി പണം ചോദിക്കും. കിട്ടിയാലും ഇല്ലെങ്കിലും അവരെ അപായപ്പെടുത്തും. ട്രെയിനുകളിൽ പുകവലിക്കുന്നതിന് പിഴ ചുമത്തുന്നതും ഇയാളുടെ പതിവായിരുന്നു. പണം നൽകാൻ മടിക്കുന്നവരെ ആക്രമിക്കുന്നതായിരുന്നു പതിവ്. പണം ആവശ്യപ്പെട്ടശേഷം ഇരകളെ ഓടുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിയുന്നതാണ് രോഹിതിന്റെ ശീലം. ഈ മാസം 19 ന് ദനാപൂർ സ്പെഷൽ ട്രെയിനിൽ ഹൈദരാബാദിലേക്ക് പോകുമ്പോഴാണ് നിതിൻ കുമാർ രോഹിതിന്റെ ഇരയായത്. കൊലപ്പെടുത്തുന്നതിന് മുമ്പ് നിതിന്റെ കുടുംബത്തോട് 17,000 രൂപ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. ട്രെയിനിൽ പുകവലിച്ചതിനുള്ള പിഴ എന്നാണ് കുടുംബത്തോട് പറഞ്ഞത്. പണം ഓൺലൈനിലൂടെ കുടുംബം അയച്ചുകൊടുത്തു. പണം കിട്ടിയെങ്കിലും നിതിന്റെ കൈകാലുകൾ കൂട്ടിക്കെട്ടിയാണ് രോഹിത് പുറത്തേക്ക് തള്ളിയത്. നിതിന്റെ മരണത്തിൽ കുടുംബം പൊലീസിനു നൽകിയ പരാതിയിൽ ബക്സർ റെയിൽവേ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. തുടർന്ന് വാരാണസിയിൽനിന്നും രോഹിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 2024 ലും സമാനമായ രണ്ട് കുറ്റകൃത്യങ്ങൾ ബക്സറിൽ നടന്നായി കണ്ടെത്തി. രണ്ടുപേരെ ട്രെയിനിൽനിന്നും തള്ളിയിട്ട് പരിക്കേൽപ്പിച്ച കേസിൽ രോഹിത് രണ്ട് മാസം മുമ്പാണ് ജയിലിൽനിന്നും പുറത്തിറങ്ങിയെന്ന് പൊലീസ് പറയുന്നു. സെപ്റ്റംബർ 9 ന് ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൈലാഷ് കുമാറിന്റെ മരണത്തിലും രോഹിതിനു പങ്കുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.








