കണ്ണൂര്‍: കേരള വ്യവസായ അടിസ്ഥാന സൗകര്യ വികസന കോര്‍പ്പറേഷന്‍(കിന്‍ഫ്ര) സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാവസായിക പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ കിന്‍ഫ്രാ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി ഭൂമി ഏറ്റെടുത്ത നടപടികളില്‍ ക്രമക്കേട് നടന്നെന്ന് വിജിലന്‍സ്.
പരാതിയില്‍ കണ്ണൂര്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. പട്ടാന്നൂര്‍, കീഴല്ലൂര്‍, കോളാരി വില്ലേജുകളുടെ പരിധിയില്‍പ്പെട്ട ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മട്ടന്നൂരില്‍ പ്രവര്‍ത്തിച്ചുവന്ന സ്‌പെഷ്യല്‍ തഹസില്‍ദാരുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിയമപരമായ രേഖകളില്ലാതെ സ്വകാര്യ വ്യക്തികള്‍ കൈവശം വെച്ചിരുന്ന ഭൂമിക്ക് വന്‍തുക നഷ്ടപരിഹാരമായി അനുവദിക്കുകയും, ഈ തുക കോടതിയില്‍ കെട്ടിവെക്കുകയും ചെയ്തതായും കണ്ടെത്തി. സര്‍ക്കാര്‍ നിയമാനുസൃതമായി ഏറ്റെടുത്ത ഭൂമിക്ക് സ്വകാര്യ വ്യക്തികളില്‍ നിന്നും നികുതി സ്വീകരിച്ച് കൈവശ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതായും വ്യക്തമായി. ഇതുവഴി അനര്‍ഹരായ സ്വകാര്യ വ്യക്തികള്‍ക്ക് ഭൂമിയുടെ അവകാശം ലഭിക്കുന്നതിന് സാഹചര്യമൊരുക്കിയതായും സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം വരുത്തിയതായുമാണ് കേസിലെ ആരോപണം. കേസില്‍ സ്‌പെഷ്യല്‍ തഹസില്‍ദാരായിരുന്ന വിഇ ഷേര്‍ളി, സ്‌പെഷ്യല്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ കെ ഷാജി, വാല്വേഷന്‍ അസിസ്റ്റന്റ് പി പ്രദീപ്കുമാര്‍, പട്ടാന്നൂര്‍ വില്ലേജ് ഓഫീസര്‍ പിപി സക്കീര്‍ എന്നിവരാണ് പ്രതികള്‍. ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്ത് നിയമാനുസൃത നടപടിക്രമങ്ങള്‍ പാലിക്കാതെ ഭൂമി ഏറ്റെടുക്കല്‍, നഷ്ടപരിഹാര വിതരണം, നികുതി സ്വീകരിക്കല്‍, കൈവശ സര്‍ട്ടിഫിക്കറ്റ് അനുവദിക്കല്‍ തുടങ്ങിയ നടപടികള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ നവംബര്‍ മാസത്തില്‍ കണ്ണൂര്‍ ചാലാട് സ്വദേശി മനോജ് മൂര്‍ക്കോത്ത് കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. പരാതിക്കാരന്‍ കേരളാ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് പെറ്റീഷനില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്ന് പൂര്‍ത്തീകരിച്ച വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിലും പരാതിയില്‍ വാസ്തവമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ പി എസിന്റെ നിര്‍ദ്ദേശ പ്രകാരം കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്‍സ്‌പെക്ടര്‍ ബിഎസ് ബാവിഷ് ആണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍. വിജിലന്‍സ് (ഉത്തരമേഖല), കോഴിക്കോട് ഓഫീസിലെ പോലീസ് സൂപ്രണ്ട് പി. ബാലകൃഷ്ണന്‍ നായര്‍ കേസിന്റെ മേല്‍നോട്ട ചുമതല വഹിക്കും.








