നവമാധ്യമങ്ങള്‍ വഴി ശ്രീനാരായണ ഗുരുദേവനെ അധിക്ഷേപിച്ചു; പരക്കെ പ്രതിഷേധം, സുഭാഷ് തന്ത്രി പൊലീസ് കസ്റ്റഡിയില്‍

മൂവാറ്റുപുഴ: നവമാധ്യമങ്ങളിലൂടെ ശ്രീനാരായണ ഗുരുദേവനെ മ്ലേച്ഛമായ ഭാഷയില്‍ അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ മൂവാറ്റുപുഴ കല്ലൂര്‍ പേരാമംഗലം നാഗരാജ ക്ഷേത്രം ട്രസ്റ്റ് തന്ത്രി കെ.വി. സുഭാഷിനെ (57) പൊലീസ് കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ കല്ലൂരിലെ ക്ഷേത്രവളപ്പില്‍ നിന്ന് വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് കല്ലൂര്‍ക്കാട് ഇന്‍സ്‌പെക്ടര്‍ സിബി തോമസ്, എസ്.ഐ. എസ്. കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ സാഹസികമായി പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ തുടര്‍നടപടികള്‍ക്കായി എറണാകുളം സൈബര്‍ പൊലീസിന് കൈമാറി. സുഭാഷ് തന്ത്രിയെന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. കോട്ടയം പള്ളം സ്വദേശിയായ ഷെന്‍ സഹദേവന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വിദ്വേഷ പ്രചാരണത്തിന് ശേഷം ഒളിവില്‍ പോകാന്‍ ശ്രമിക്കുകയായിരുന്ന സുഭാഷിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വലയിലാക്കിയത്. ചോദ്യം ചെയ്യലിനായി ഇയാളെ ആലുവ സൈബര്‍ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. യൂട്യൂബ് ചാനലുകളിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ഗുരുദേവനെയും ഈഴവ സമുദായത്തെയും നിരന്തരം അപമാനിച്ചെന്നാണ് കേസ്. സമുദായങ്ങള്‍ക്കിടയില്‍ പരസ്പരം വിദ്വേഷം വളര്‍ത്താനും ബോധപൂര്‍വം ലഹളയും കലാപവും സൃഷ്ടിക്കാനും ഇയാള്‍ ശ്രമിച്ചതായി പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആറില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page