ഹൈദരാബാദ്: നഴ്‌സിങ് വിദ്യാര്‍ഥിനിയെ വീടിന് പുറത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തെലങ്കാന വെങ്കണ്ണപാലം സ്വദേശിനിയും ഖമ്മത്തെ സ്വകാര്യ കോളേജില്‍ ആദ്യവര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയുമായ ഹരിണി(18) ആണ് മരിച്ചത്. ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
അവധിക്കാലമായതിനാല്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹരിണി വീട്ടിലെത്തിയത്. ഹരിണിയും സഹോദരിയും മാതാവ് രാജേശ്വരിയും മാത്രമാണ് വീട്ടിലുള്ളത്. ഹരിണിയുടെ പിതാവ് നേരത്തേ മരിച്ചിരുന്നു.
കൂലിപ്പണിക്കാരിയായ രാജേശ്വരി ചൊവ്വാഴ്ച ജോലി കഴിഞ്ഞെത്തിയപ്പോള്‍ ഹരിണിയെ വീട്ടിനുള്ളില്‍ കണ്ടില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് പുറത്തെ കുളിമുറിയോട് ചേര്‍ന്ന് മകളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ വിശദമായ ഫോറന്‍സിക്, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അയല്‍വാസിയായ ഒരു യുവാവ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇയാള്‍ വിവാഹം കഴിക്കാന്‍ അഭ്യര്‍ഥന നടത്തിയതായും പെണ്‍കുട്ടി അത് നിരസിച്ചതായും വിവരമുണ്ട്.








